ബെല്‍ഗ്രേഡ് (സെര്‍ബിയ): ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ താരം ആകാശ് കുമാര്‍. 54 കിലോഗ്രാം വിഭാഗത്തില്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ വെനസ്വേലയുടെ യോല്‍ ഫിനോല്‍ റിവാസിനെ തോല്‍പ്പിച്ച് ആകാശ് സെമി ഫൈനലിലെത്തി. 

നിലവിലെ ദേശീയ ചാമ്പ്യനായ ആകാശ് ഒളിമ്പിക് മെഡല്‍ ജേതാവിനെ അനായാസം കീഴടക്കുകയായിരുന്നു. 5-0ത്തിനായിരുന്നു വിജയം. 21-കാരനായ ഇന്ത്യന്‍ താരത്തിന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പാണിത്.

നേരത്തെ നാല് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. 63.5 കിലോഗ്രാം വിഭാത്തില്‍ ശിവ ഥാപ്പ, 92 കിലോഗ്രാം വിഭാഗത്തില്‍ നരേന്ദര്‍ ബെര്‍വാള്‍, 71 കിലോഗ്രാം വിഭാഗത്തില്‍ നിഷാന്ത് ദേവ്, നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ സഞ്ജീത് എന്നിവരാണ് ഒരു വിജയം അരികെ മെഡലുറപ്പിക്കാന്‍ ഇറങ്ങുന്നത്. 

തുര്‍ക്കിയുടെ കരീം ഓസ്‌മെനാണ് ക്വാര്‍ട്ടറില്‍ ഥാപ്പയുടെ എതിരാളി. സെമിയിലെത്തിയാല്‍ ഥാപ്പയെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. രണ്ട് ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരം എന്ന റെക്കോഡ് ഥാപ്പയ്ക്ക് സ്വന്തമാക്കാം.

Content Highlights: Boxing World Championships Debutant Akash Kumar Enters Semis Secures Indias First Medal