ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോകമെങ്ങും ജാഗ്രത പുലര്‍ത്തുമ്പോള്‍ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ഇന്ത്യന്‍ ബോക്സിങ് താരം മേരി കോം. ജോര്‍ദാനിലെ അമ്മാനില്‍ നടന്ന ഏഷ്യ-ഒഷ്യാനിയ ഒളിമ്പിക് യോഗ്യതാ റൗണ്ട് ബോക്സിങ്ങില്‍ മേരി കോം പങ്കെടുത്തിരുന്നു. എന്നാല്‍ അതിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ മേരി കോം 14 ദിവസം നീണ്ടുനില്‍ക്കുന്ന ക്വാറന്റൈന്‍ പാലിച്ചില്ല.

mary com
മേരി കോം(ചുവന്നവൃത്തത്തില്‍).Photo: Twitter/ @rashtrapatibhvn

മാര്‍ച്ച് 13-നാണ് രാജ്യസഭാ എം.പി കൂടിയായ മേരി കോം ഇന്ത്യയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 18-ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംഘടിപ്പിച്ച വിരുന്നില്‍ മേരി കോം പങ്കെടുത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വിരുന്നിന്റെ ചിത്രത്തില്‍ മറ്റു എം.പിമാര്‍ക്കൊപ്പം മേരികോമിനേയും കാണാം. 'ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എം.പിമാര്‍ക്ക് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍'  എന്ന കുറിപ്പോടെയാണ് ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജോര്‍ദാനിലേക്ക് പോയ ഇന്ത്യന്‍ ബോക്സിങ് താരങ്ങളെല്ലാം ക്വാറന്റെയ്നില്‍ ആണെന്ന് കഴിഞ്ഞ ദിവസം കോച്ച് സാന്റിയാഗോ നിയെവ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയുടെ വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്ന് മേരി കോമും സമ്മതിച്ചിട്ടുണ്ട്.

"ജോര്‍ദാനില്‍ നിന്നുവന്ന ശേഷം ഞാന്‍ വീട്ടില്‍ തന്നെയാണ്. അതിനിടയില്‍ രാഷ്ട്രപതിയുടെ ചടങ്ങില്‍ മാത്രമാണ് പങ്കെടുത്തത്. നിലവില്‍ നിരീക്ഷണത്തിലുള്ള ബി.ജ.പി എം.പി ദുഷ്യന്തിനെ കാണുകയോ കൈ കൊടുക്കുകയോ ചെയ്തിട്ടില്ല. ജോര്‍ദാനില്‍ നിന്ന് വന്നശേഷം എന്റെ 14 ദിവസത്തെ ക്വാറന്റെയ്ന്‍ ഇപ്പോള്‍ അവസാനിച്ചിട്ടുണ്ട്. എന്നിരുന്നാലും മൂന്നു നാലു ദിവസം കൂടി വീട്ടില്‍ തങ്ങുകയാണ്". മേരികോം വ്യക്തമാക്കി.

content highlights: boxer mary kom breaks quarantine protocol, meets president of india