ന്യൂഡല്‍ഹി: ഡല്‍ഹി ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തിലെ കാണികളുടെ സ്റ്റാന്റില്‍ നിന്ന് തന്റെ പേര് എത്രയും പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടിക്ക് ഒരുങ്ങുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിങ് ബേദി.

ഇക്കാര്യം ചൂണ്ടിക്കാട്ടി ബേദി ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന് (ഡി.ഡി.സി.എ) വീണ്ടും കത്തയച്ചു.

ഡല്‍ഹി ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയത്തില്‍ അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേയാണ് ബേദിയുടെ പ്രതിഷേധം.

കഴിഞ്ഞ ബുധനാഴ്ച ഡി.ഡി.സി.എ അംഗത്വം ഉപേക്ഷിക്കുകയാണെന്നും കാണികളുടെ സ്റ്റാന്റില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബേദി അസോസിയേഷന്റെ പുതിയ സെക്രട്ടറിയും അരുണ്‍ ജെയ്റ്റിലുടെ മകനുമായ രോഹന്‍ ജെയ്റ്റിലിക്ക് കത്തയച്ചിരുന്നു.

ഈ കത്തിന്‍മേല്‍ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ കത്തെഴുതുന്നതെന്നും ബേദി പറഞ്ഞു. 

'ഞാന്‍ നിങ്ങള്‍ക്ക് കത്തയച്ചിട്ട് ഏതാനും ദിവസങ്ങളായി. എന്റെ കത്ത് പുറത്തായി നിമിഷങ്ങള്‍ക്കുള്ളില്‍ ക്രിക്കറ്റ് ലോകത്തു നിന്നും മറ്റുമായി മികച്ച പിന്തുണയാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ നിങ്ങളുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. സ്വന്തം പേര് അന്തസോടെ എവിടെ തൂക്കണമെന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ നമ്മുടെ രാജ്യത്ത് ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ദയവു ചെയ്ത് എന്നെ നിയമനടപടിയിലേക്ക് പോകാന്‍ പ്രേരിപ്പിക്കരുത്.' - ബേദി കത്തില്‍ പറയുന്നു. 

നേരത്തെ 1999 മുതല്‍ 2013 വരെ 14 വര്‍ഷം ഡി.ഡി.സി.എ പ്രസിഡന്റായിരുന്നു അരുണ്‍ ജെയ്റ്റ്ലിയോടുള്ള ആദരസൂചകമായാണ് ആറടിയോളം ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ഡി.ഡി.സി.എ അധികൃതര്‍ തീരുമാനിച്ചത്.

ഈ വരുന്ന തിങ്കളാഴ്ച ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലിയാണ് ഫിറോസ് ഷാ കോട്ട്ലയില്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. കേന്ദ്ര മന്ത്രി അമിത് ഷാ, മുന്‍ ബി.സി.സി.ഐ തലവന്‍ അനുരാഗ് താക്കൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 

Content Highlights: Bishan Singh Bedi writes threat letter to DDCA