വെല്ലിങ്ടണ്‍: ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ പോരാളി ബെന്‍ സ്‌റ്റോക്ക്‌സ് ആയിരുന്നു. അവസാന ഓവറിലും സൂപ്പര്‍ ഓവറിലും സ്റ്റോക്ക്‌സ് പുറത്തെടുത്ത പോരാട്ടവീര്യം ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. ന്യൂസീലന്‍ഡിനും വിജയത്തിനുമിടയില്‍ വിലങ്ങുതടിയായത് സ്‌റ്റോക്ക്‌സിന്റെ ഇന്നിങ്‌സ് ആയിരുന്നു.

അതിലും കൗതുകകരമായ ഒരു കാര്യം സ്‌റ്റോക്ക്‌സ് ജന്മം കൊണ്ട് ന്യൂസീലന്‍ഡുകാരനാണ് എന്നതാണ്. സ്വന്തം ജന്മനാടിനെതിരെ ആയിരുന്നു ഫൈനലില്‍ സ്റ്റോക്ക്‌സിന്റെ പോരാട്ടമെന്നോര്‍ക്കണം. കിവീസിനെ സംബന്ധിച്ച് ഇംഗ്ലീഷ് താരം അവരുടെ വില്ലനാണ്. എന്നാല്‍ കളിക്കളത്തിലെ വൈരം കളത്തിന് പുറത്ത് കാണിക്കുന്നവരല്ല ന്യൂസീലന്‍ഡുകാര്‍.

അതിനു തെളിവായി ഒരു സന്തോഷവാര്‍ത്ത സ്‌റ്റോക്ക്‌സിനെ തേടിയെത്തിയിരിക്കുകയാണ്. ന്യൂസീലന്‍ഡര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിന് സ്റ്റോക്ക്‌സിന്റെ പേരും നിര്‍ദേശിച്ചിട്ടുണ്ട് എന്നതാണ് ആ സന്തോഷ വാര്‍ത്ത.

സ്റ്റോക്‌സിനൊപ്പം ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ പേരും പുരസ്‌കാരത്തിന് നിര്‍ദേശിച്ചിച്ചിട്ടുണ്ട്. സ്റ്റോക്സ് ന്യൂസിലന്‍ഡിന് വേണ്ടി കളിക്കുന്നില്ലെങ്കിലും ജന്മം കൊണ്ട് ന്യൂസീലന്‍ഡുകാരനായതിനാലാണ് പുരസ്‌കാരത്തിന് നിര്‍ദേശിച്ചതെന്ന് ന്യൂസിലന്‍ഡര്‍ ഓഫ് ദ ഇയര്‍ ചീഫ് കാമറൂണ്‍ ബെന്നറ്റ് വ്യക്തമാക്കി.

ക്രൈസ്റ്റ്ചര്‍ച്ചില്‍ ജനിച്ച സ്റ്റോക്സ് 12-ാം വയസില്‍ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. അച്ഛന്‍ ജെറാര്‍ഡ് സ്റ്റോക്സ് മുന്‍ ന്യൂസിലന്‍ഡ് റഗ്ബി ലീഗ് താരമായിരുന്നു. ഒരു ഇംഗ്ലീഷ് ക്ലബിനെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജെറാര്‍ഡ് കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലെത്തിയത്.പിന്നീട് ഏഴ് വര്‍ഷകാലം ഇംഗ്ലണ്ടില്‍ ചിലവഴിച്ചു. തുടര്‍ന്ന് ജെറാര്‍ഡ് ന്യൂസീലന്‍ഡിലേക്ക് മടങ്ങിയെങ്കിലും സ്റ്റോക്സും അമ്മ ഡെബ് സ്റ്റോക്‌സും ഇംഗ്ലണ്ടില്‍ തുടരുകയായിരുന്നു. 

Content Highlights: Ben Stokes nominated for New Zealander of the Year