മുംബൈ: ട്വന്റി-20 ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ വിതരണം ചെയ്തില്ലെന്ന് ആരോപണം. കഴിഞ്ഞ വർഷം ലഭിച്ച തുകയാണ് ബിസിസിഐ ഇതുവരെ നൽകാത്തതെന്നും ബ്രിട്ടീഷ് മാധ്യമമായ ദ ടെലഗ്രാഫിന്റെ റിപ്പോർട്ടിൽ പറയുന്നു.

നവംബറിലാണ് തങ്ങളുടെ അക്കൗണ്ടിലേക്ക് ഐസിസി പണം കൈമാറിയതെന്നും കോവിഡ് മൂലം ബിസിസിഐ ആസ്ഥാനം അടഞ്ഞു കിടക്കുന്നതിനാലാണ് തുക കൈമാറ്റം വൈകുന്നതെന്ന് ബിസിസിഐ വ്യക്തമാക്കി. എന്നാൽ ആരോപണത്തിൽ ഐസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഞ്ച് ലക്ഷം ഡോളറാണ് സമ്മാനത്തുക. ഈ പണം ബിസിസിഐയുടെ അക്കൗണ്ടിലേക്കാണ് എത്തുക. ഇക്കാര്യത്തിൽ താരങ്ങൾ ആരും പരസ്യമായി പരാതി പറഞ്ഞിട്ടില്ല. ഇതിനിടെയാണ് ടെലഗ്രാഫ് താരങ്ങൾക്ക് പണം ലഭിച്ചില്ലെന്ന റിപ്പോർട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഓസ്ട്രേലിയയിലാണ് വനിതാ ട്വന്റി-20 ലോകകപ്പ് നടന്നത്. ഹർമൻപ്രീത് കൗറിന്റെ ക്യാപ്റ്റൻസിയിൽ കളിച്ച ഇന്ത്യ ഫൈനലിൽ ഓസ്ട്രേലിയയോട് തോൽക്കുകയായിരുന്നു.