മുംബൈ: ഈ വർഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് യു.എ.ഇ വേദിയാകും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. യു.എ.ഇ വേദിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല.

ഇന്ത്യയിൽ കോവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യത നിലനിൽക്കുന്നതിനാലുമാണ് വേദി മാറ്റിയത്. ഇക്കാര്യം ഔദ്യോഗികമായി ഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും ഒക്ടോബർ-നവംബർ മാസങ്ങളിലായി ടൂർണമെന്റ് നടക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ബിസിസിഐയ്ക്ക് നാല് ആഴ്ച്ചത്തെ സമയം ഐസിസി നൽകിയിരുന്നു. ഈ മാസം തുടത്തത്തിൽ ചേർന്ന യോഗത്തിലാണ് ഐസിസി സമയം അനുവദിച്ചത്. അതിനുള്ളിൽ തന്നെ ബിസിസിഐ തീരുമാനം ഐസിസിയെ അറിയിക്കുകയായിരുന്നു.

ഐപിഎൽ ഈ സീസണിലെ രണ്ടാം ഘട്ടത്തിനും വേദിയാകുന്നത് യു.എ.ഇയാണ്. സെപ്റ്റംബറിലാണ് ഐ.പി.എൽ മത്സരങ്ങൾ നടക്കുക. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഇന്ത്യയിൽ നടന്ന ഐപിഎൽ മത്സരങ്ങൾ നിർത്തിവെച്ചത്.

Content Highlights: BCCI set to host T20 World Cup in UAE, confirms BCCI president Sourav Ganguly