ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിനേയും സ്പിൻ ബൗളർ ആർ അശ്വിനേയും ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്ത് ബിസിസിഐ. ശിഖർ ധവാൻ, കെഎൽ രാഹുൽ, ജസ്പ്രീത് ബുംറ എന്നിവരെ അർജുന പുരസ്കാരത്തിനും ശുപാർശ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ജഴ്സിയിൽ 22 വർഷങ്ങൾ പൂർത്തിയാക്കിയ മിതാലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വനിതാ താരമാണ്. 7170 റൺസാണ് 38-കാരിയായ മിതാലിയുടെ അക്കൗണ്ടിലുള്ളത്. മിതാലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ രണ്ടു തവണ ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്തി. 2005-ലും 2017-ലുമായിരുന്നു ഈ നേട്ടം.

ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമാണ് സ്പിൻ ബൗളറായ അശ്വിൻ. 79 ടെസ്റ്റിൽ നിന്ന് 413 വിക്കറ്റുകൾ വീഴ്ത്തി. ഏകദിനത്തിൽ 150 വിക്കറ്റും ട്വന്റി-20യിൽ 42 വിക്കറ്റും നേടി. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലും താരം മികവ് കാട്ടി. മൂന്നു മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയിൽ നടന്ന പരമ്പരയിൽ 32 വിക്കറ്റും ഒരു സെഞ്ചുറിയും നേടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 71 വിക്കറ്റെടുത്ത താരം ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോഡും സ്വന്തമാക്കി.

അശ്വിനും മിതാലിയും നേരത്തെ അർജുന പുരസ്കാരം നേടിയിട്ടുണ്ട്. സച്ചിൻ തെണ്ടുൽക്കർ, എംഎസ് ധോനി, വിരാട് കോലി, രോഹിത് ശർമ എന്നിവരാണ് ഖേൽരത്ന നേടിയ മറ്റു ക്രിക്കറ്റ് താരങ്ങൾ.

Content Highlights: India Cricketers Mithali Raj And R Ashwin Recommended For Khel Ratna