ചെന്നൈ: തമിഴ്നാട് പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തില്‍ ബി.സി.സി.ഐ അന്വേഷണം ആരംഭിച്ചു. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് (എ.സി.യു) അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

ഇന്ത്യന്‍ ദേശീയ ടീം അംഗവും ഒരു ഐ.പി.എല്‍ താരവും ഒരു രഞ്ജി ടീം പരിശീലകനും ഒത്തുകളി ആരോപണം നേരിടുന്നുണ്ട്. വൈകാതെ ഇവരെ അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്യുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ടൂര്‍ണമെന്റില്‍ ഒരു ടീമിനെ നിയന്ത്രിച്ചിരുന്നത് വാതുവെയ്പ്പുകാരാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ ടീമിന്റെ നിയന്ത്രണം വാതുവെയ്പ്പുകാര്‍ക്ക് കൈമാറിയതിന് ഫ്രാഞ്ചൈസി ഉടമയ്ക്ക് നാലു കോടി രൂപ പ്രതിഫലം ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അപരിചിതരായ ചിലര്‍ ഒത്തുകളിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചതായി താരങ്ങളില്‍ ചിലര്‍ തന്നെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെ അറിയിക്കുകയായിരുന്നു. ഇക്കാര്യം അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത് സിങ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒത്തുകളിക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും പല താരങ്ങള്‍ക്കും ലഭിച്ചു. താരങ്ങളെ ലക്ഷ്യമിട്ടല്ല, ഈ സന്ദേശങ്ങളെ കുറിച്ചാണ് ഇപ്പോഴത്തെ അന്വേഷണമെന്നും അജിത് സിങ് പറഞ്ഞു.

രവിചന്ദ്രന്‍ അശ്വിന്‍, ദിനേഷ് കാര്‍ത്തിക്, അഭിനവ് മുകുന്ദ്, മുരളി വിജയ്, വിജയ് ശങ്കര്‍ തുടങ്ങിയ താരങ്ങള്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചവരാണ്. 
 
2016-ലാണ് ഐ.പി.എല്‍ മാതൃകയില്‍ തമിഴ്‌നാട്ടില്‍ ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണ് ടൂര്‍ണമെന്റിന്റെ പ്രഥമ സീസണ്‍ ഉദ്ഘാടനം ചെയ്തത്.

Content Highlights: BCCI probes links between players, bookie in TNPL