കൊല്‍ക്കത്ത: നെഞ്ചു വേദനയെ തുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിട്ടുള്ളത്. സഹായിക്കൊപ്പം സ്വന്തം കാറിലാണ് അദ്ദേഹം ആശുപത്രിയിലെത്തിയതെന്ന് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രിയിലേക്ക് എത്തിയ ഉടന്‍ തന്നെ അദ്ദേഹത്തെ എമര്‍ജന്‍സി റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. 

നേരത്തെ ജനുവരി ആദ്യ വാരം പതിവ് വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഹൃദയാഘാതമാണെന്ന് വ്യക്തമായതിനു പിന്നാലെ അന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. കൊറോണറി ധമനികളില്‍ മൂന്നിടത്ത് തടസങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദാദയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയത്. 

പിന്നീട് ജനുവരി ഏഴാം തീയതിയാണ് അദ്ദേഹം ആശുപത്രി വിട്ടത്. വീട്ടിലേക്ക് മാറ്റുന്ന ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ദിവസേന പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

Content Highlights: bcci president sourav ganguly hospitalised again