മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ബിസിസിഐ. താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നതില്‍ ബിസിസിഐയ്ക്ക് ഒരു പങ്കുമില്ലെന്നും അങ്ങനെ ഒരു നിബന്ധന മുന്നോട്ടുവെച്ചിട്ടില്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ധുമാലിന്റെ പ്രതികരണം. 

'അങ്ങനെ ഒരു കാര്യം ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗ്ഗനിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ല. ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്. അതില്‍ ബിസിസിഐയ്ക്ക് ഒരു റോളുമില്ല', അരുണ്‍ വ്യക്തമാക്കുന്നു. 

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ കാണ്‍പുരില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിലെ ഭക്ഷണ മെനുവില്‍ ബിസിസിഐ ഹലാല്‍ മാംസം നിര്‍ബന്ധമാക്കിയെന്നും ബീഫും പന്നിയിറച്ചിയും ഒഴിവാക്കിയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഫുഡ് മെനുവില്‍ പ്രധാനപ്പെട്ട നിര്‍ദേശം എന്ന നിലയിലാണ് ഹലാല്‍ മാംസത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നത്. ഇതോടെ ബിസിസിഐയ്‌ക്കെതിരേ സോഷ്യല്‍ മീഡിയില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Content Highlights: BCCI doesn't advise players what and what not to eat sayaTreasurer Arun Dhumal