ധാക്ക: കോവിഡ്-19 രോഗഭീതിയുടെ പശ്ചാതത്തലത്തില്‍ ഈ മാസം നടത്താനിരുന്ന ഏഷ്യന്‍ ഇലവന്‍ - ലോക ഇലവന്‍ ട്വന്റി 20 പരമ്പര മാറ്റിവെച്ചതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി).

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100-ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു ബി.സി.ബി ഈ പരമ്പര സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. മാര്‍ച്ച് 18, 21 തീയതികളിലായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.

രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, ക്രിസ് ഗെയ്ല്‍, ഫാഫ് ഡൂപ്ലെസിസ് എന്നിവരുടെ സാന്നിധ്യമുണ്ടാകുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

''ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമ്പര നടത്താന്‍ തീരുമാനിച്ചാലും ആര്‍ക്കൊക്കെ എത്തിപ്പെടാന്‍ സാധിക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. നിരവധി നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ മത്സരങ്ങള്‍ക്കായി എത്തുന്ന കളിക്കാര്‍ക്ക് രാജ്യത്തുനിന്ന് തിരിച്ചുപോവാനാവാത്ത സാഹചര്യവും ഉണ്ടാകാനിടയുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് മത്സരങ്ങള്‍ മാറ്റിവെയ്ക്കുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം അടുത്ത മാസം പുതിയ തീയതി അറിയിക്കും'', ബി.സി.ബി പ്രസിഡന്റ് നസ്മുള്‍ ഹസന്‍ പറഞ്ഞു.

മത്സരങ്ങള്‍ക്ക് മുന്നോടിയായി നടത്താനിരുന്ന എ.ആര്‍ റഹ്മാന്റെ സംഗീതനിശയും സംഘാടകര്‍ മാറ്റിവെച്ചിട്ടുണ്ട്.

Content Highlights: BCB postpones Asia XI vs World XI matches amid coronavirus outbreak