ലണ്ടന്‍: ഇന്ത്യയുടെ അഭിമാന താരമായ അത്‌ലറ്റ്‌ പി.ടി. ഉഷയ്ക്ക് ബി.ബി.സിയുടെ കായിക പുരസ്‌കാരം. ഇന്ത്യന്‍ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു. സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.

കഴിഞ്ഞവര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള പുരസ്‌കാരം ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു നേടി. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ബി.ബി.സി.യുടെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

1980 മുതല്‍ 1996 വരെ ഒളിമ്പിക് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത ഉഷയ്ക്ക് 1984-ല്‍ ലോസ് ആഞ്ജലീസില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിനാണ് മെഡല്‍ നഷ്ടമായത്. 1985 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 100, 200, 400 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് വിഭാഗങ്ങളില്‍ സ്വര്‍ണം നേടി. ട്രാക്കില്‍നിന്ന് വിരമിച്ചശേഷം പരിശീലനരംഗത്ത് സജീവം.

2019 ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടനേട്ടമാണ് സിന്ധുവിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ദ്യുതി ചന്ദ്, മേരി കോം, വിനേഷ് ഫൊഗോട്ട്, മാനസി ജോഷി എന്നിവരും പട്ടികയിലുണ്ടായിരുന്നു. പൊതുജനങ്ങളില്‍നിന്ന് വോട്ടെടുപ്പിലൂടെയാണ് സിന്ധുവിനെ തിരഞ്ഞെടുത്തത്.

Content Highlights: BBC Lifetime Achievement Award for PT Usha