ലണ്ടന്‍: ഇമ്രാന്‍ ഖാന് പകരം വസീം അക്രത്തിന്റെ വീഡിയോ നല്‍കിയതില്‍ മാപ്പ് പറഞ്ഞ് ബിബിസി.  പാകിസ്താനിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കിടയിലാണ് ഇമ്രാന്‍ ഖാന്റെ വീഡിയോ എന്ന് പറഞ്ഞ് വസീം അക്രത്തിന്റെ വീഡിയോ ബിബിസി നല്‍കിയത്. 

രാത്രി സംപ്രേക്ഷണം ചെയ്യുന്ന ന്യൂസ് നൈറ്റ് ഷോയ്ക്കിടെയായിരുന്നു സംഭവം. ഓള്‍റൗണ്ടറായ ഇമ്രാന് പകരം ഇടങ്കയ്യന്‍ പേസ് ബൗളറായ അക്രം ബൗള്‍ ചെയ്യുന്ന വീഡിയോ കാണിക്കുകയായിരുന്നു. പരിപാടിക്ക് ശേഷം അവതാരകന്‍ ഇവാന്‍ ഡേവിസ് തെറ്റ് സംഭവിച്ചതായി പ്രേക്ഷകരെ അറിയിച്ചു. പിന്നീട് ട്വിറ്ററിലൂടെ ബിബിസി മാപ്പ് പറഞ്ഞു. 

1992ല്‍ പാകിസ്താനെ ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ഇമ്രാന്‍ ഖാന്‍ ആ വര്‍ഷം തന്നെ വിരമിക്കുകയും ചെയ്തു. പിന്നീട് പാകിസ്താന്റെ രാഷ്ട്രീയക്കളത്തിലേക്ക് ഇറങ്ങിയ ഇമ്രാന്‍ അവിടേയും തിളങ്ങുകയായിരുന്നു. ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്‌രീക് ഇ- ഇന്‍സാഫ് പാകിസ്താനില്‍ അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്. 

അതേസമയം ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും ക്രിക്കറ്റുമായി ബന്ധപ്പെട്ട മേഖലകളില്‍ സജീവമാണ്‌ വസീം അക്രം. മിക്കപ്പോഴും കമന്റേറ്ററായി അക്രത്തിനെ കാണാം. 

Content Highlights: BBC confuses Imran Khan with Wasim Akram