-
ലിസ്ബൺ: പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ നടന്ന ബാഴ്സലോണ - ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരം അവസാനിച്ചപ്പോൾ ഫുട്ബോൾ പ്രേമികൾ ആ സ്കോർ ലൈനിലേക്ക് ഒന്നുകൂടി നോക്കിക്കാണണം. കാരണം ബാഴ്സലോണ പോലൊരു ക്ലബ്ബ് ഇത്രയും വലിയ തോൽവി വഴങ്ങി എന്നത് കടുത്ത ആരാധകർക്ക് മാത്രമല്ല ഫുട്ബോൾ ലോകത്തിനാകെ അദ്ഭുതമാണ്.
രണ്ടിനെതിരേ എട്ടു ഗോളുകൾക്ക് ബാഴ്സയെ മറികടന്ന് ബയേൺ സെമിയിലേക്ക് മുന്നേറിയപ്പോൾ എല്ലാ കണ്ണുകളും നീണ്ടത് ബയേൺ കോച്ച് ഹാൻസി ഫ്ളിക്കിലേക്കാണ്.
മുൻ ജർമൻ പ്രൊഫഷണൽ ഫുട്ബോളറായിരുന്ന ഫ്ളിക്ക് 1985 മുതൽ 1990 വരെ ബയേൺ മ്യൂണിക്കിന്റെ താരമായിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നുമല്ല അദ്ദേഹം ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഫുട്ബോൾ ലോകം ഞെട്ടിയ രണ്ട് വമ്പൻ ജയങ്ങളിലുള്ള അദ്ദേഹത്തിന്റെ സാന്നിധ്യമാണ്.
അതിൽ ആദ്യത്തേത് ബ്രസീലിന്റെ ഹൃദയം തകർത്ത ജർമനിയുടെ 7-1 ലോകകപ്പ് വിജയമായിരുന്നു. 2014 ലോകകപ്പിൽ മിനെയ്റോയിൽ ജൂലായ് എട്ടിന് നടന്ന മത്സരത്തിൽ ജർമനി ഒന്നിനെതിരേ ഏഴു ഗോളുകൾക്ക് ബ്രസീലിനെ നാണംകെടുത്തിയ മത്സരത്തിൽ ജോക്കിം ലോയ്ക്ക് കീഴിൽ ജർമൻ ടീമിന്റെ സഹപരിശീലകനായിരുന്നു ഫ്ളിക്ക്. 2006 മുതൽ 2014 വരെ ജർമൻ ദേശീയ ടീമിന്റെ സഹപരിശീലകനായി അദ്ദേഹം തുടർന്നു.

പിന്നീട് 2019 നവംബറിലാണ് അദ്ദേഹം ബയേണിന്റെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുന്നത്. ഫ്ളിക്ക് സ്ഥാനം ഏറ്റെടുത്ത ശേഷം കളിച്ച 34 മത്സരങ്ങളിൽ 31-ലും ജയം നേടാൻ ബയേണിനായി.. ഒരു മത്സരം സമനിലയിലായപ്പോൾ തോൽവി നേരിട്ടത് രണ്ട് മത്സരങ്ങളിൽ മാത്രം. ഇപ്പോഴിതാ ബാഴ്സലോണയെ നാണംകെടുത്തിയ 8-2 ന്റെ വിജയവും.
ബാഴ്സയ്ക്കെതിരായ വിജയത്തിനു ശേഷം മുമ്പ് ബ്രസീലിനെതിരേ നേടിയ ജയം ഓർമ വന്നോ എന്ന ചോദ്യത്തിന് ''ഞാൻ തിരിഞ്ഞു നോക്കുന്നില്ല. ഈ സമയത്തെ കുറിച്ച് ചിന്തിക്കാനാണ് എനിക്ക് ഇഷ്ടം'' എന്നായിരുന്നു ഫ്ളിക്കിന്റെ മറുപടി.
''ഞങ്ങൾ സംതൃപ്തരാണ്, വളരെ സന്തോഷമുണ്ട്. ഫുട്ബോളിൽ എന്തും സംഭവിക്കാം. ഞങ്ങൾക്ക് ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇനി സെമി ഫൈനലിനായി ബാറ്ററി ചാർജ് ചെയ്യണം.'' - ഫ്ളിക്ക് കൂട്ടിച്ചേർത്തു.
Content Highlights: Bayern Munich coach Hansi Flick after 8-2 victory against Barcelona
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..