കൊല്‍ക്കത്ത: കാലാവധി കഴിഞ്ഞ വിസയുമായി ഇന്ത്യയില്‍ രണ്ട് ദിവസം അധികം തങ്ങിയ ബംഗ്ലാദേശ് താരം സൈഫ് ഹസന് പിഴശിക്ഷ. 21600 രൂപയാണ് പിഴയായി വിധിച്ചത്. ആറ് മാസമായിരുന്നു സൈഫിന്റെ വിസയുടെ കാലാവധി. എന്നാല്‍, ഇത് തീര്‍ന്നത് താരം ശ്രദ്ധിച്ചില്ല. 

തിങ്കളാഴ്ച കൊല്‍ക്കത്തയിലെ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ബംഗ്ലാദേശ് ഹൈക്കമ്മിഷന്‍ ഇടപെട്ടു. ഇന്ത്യയില്‍ രണ്ടുദിവസം അധികം നിന്നതിന് പിഴയൊടുക്കി രക്ഷപ്പെട്ടു. പകരക്കാരന്‍  ഓപ്പണറായാണ് സൈഫിനെ ബംഗ്ലാദേശ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യന്‍ പര്യടനത്തില്‍ കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഹസന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ല.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഡേ-നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ ബംഗ്ലാദേശ് തോറ്റിരുന്നു. അതിനുശേഷം ഞായറാഴ്ച്ചയാണ് ആദ്യ സംഘം ധാക്കയിലേക്ക് മടങ്ങിയത്. തിങ്കളാഴ്ച്ച രാവിലെ കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെടേണ്ട രണ്ടാം സംഘത്തിനൊപ്പമായിരുന്നു ഹസന്‍. വിമാനത്താവളത്തില്‍ ബോര്‍ഡിങ് പാസ് നല്‍കാന്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഹസന്റെ വിസ കാലാവധി ഞായറാഴ്ച്ച അര്‍ധരാത്രിയോടെ അവസാനിച്ചതായി കണ്ടെത്തിയത്. പിന്നീട് ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്ന് പുതുക്കിയ വിസ ലഭിച്ചശേഷമാണ് ഹസനെ നാട്ടിലേക്ക് മടക്കി അയച്ചത്. 

Content Highlights: Bangladesh Opener Saif Hassan Fined For Overstaying In India