ധാക്ക: ടെലിവിഷന്‍ ടോക്ക് ഷോയ്ക്കിടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിമർശിച്ച ഫിഫയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു.

ഫിഫ കൗണ്‍സില്‍ അംഗമായ മഹ്ഫുസ അക്തര്‍ കിറോണാണ് അറസ്റ്റിലായത്. ക്രിക്കറ്റിന് ഏറെ വളക്കൂറുള്ള ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഫുട്‌ബോളിനെ തീര്‍ത്തും അവഗണിക്കുകയാണെന്നായിരുന്നു മഹ്ഫുസ അക്തര്‍ പറഞ്ഞത്. ഇരട്ടത്താപ്പ് നയമാണ് ഹസീന സ്വീകരിക്കുന്നതെന്നും വ്യക്തിപരമായ നേട്ടത്തിനായി അവര്‍ ഫുട്‌ബോളിനെ തീര്‍ത്തും അവഗണിച്ച് ക്രിക്കറ്റിനെ ഉപയോഗിക്കുകയാണെന്നും മഹ്ഫുസ അക്തര്‍ പറഞ്ഞിരുന്നു. 

മഹ്ഫുസ അക്തറിന്റെ ആരോപണം രാജ്യത്തെ ഒന്നാകെ നടുക്കിയെന്ന് ആരോപിച്ച്  ഒരു പ്രാദേശിക കായിക ഉദ്യോഗസ്ഥനായ അബ്ദുല്‍ ഹസന്‍ ചൗധരിയാണ് ഇവര്‍ക്കെതിരേ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

ശനിയാഴ്ച മഹ്ഫുസ അക്തര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ഇത് നിഷേധിക്കുകയായിരുന്നുവെന്ന് അവരുടെ അഭിഭാഷകന്‍ ലൈകാത് ഹുസൈന്‍ പറഞ്ഞു.

Content Highlights: bangladesh fifa official arrested for defaming prime minister sheikh hasina