ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുകമാലിന്യത്തില്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് കോച്ച് റസ്സല്‍ ഡൊമിംഗോ. ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ട്വന്റി 20 ഞായറാഴ്ച ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല ഗ്രൗണ്ടില്‍ നടക്കാനിരിക്കേയാണ് ഡൊമിംഗോയുടെ പ്രതികരണം.

''ഇത്തരം സാഹചര്യങ്ങളില്‍ കളിക്കുന്നത് ഒട്ടും ആശാവഹമല്ല. ശ്രീലങ്കന്‍ ടീം പര്യടനത്തിനെത്തിയപ്പോള്‍ ബംഗ്ലാദേശിലും ഇതുപോലെ പ്രശ്‌നമുണ്ടായിരുന്നു. ഡല്‍ഹിയിലെ പ്രശ്‌നം മറ്റ് പലയിടത്തും കണ്ടത്ര ഗുരുതരമല്ല. ഞങ്ങളുടെ താരങ്ങള്‍ ഇതേക്കുറിച്ച് കൂടുതല്‍ പരാതിപ്പെടാന്‍ പോകുന്നില്ല. മൂന്നു മണിക്കൂര്‍ നേരത്തെ കാര്യമല്ലേയുള്ളൂ. കണ്ണ് എരിയും. തൊണ്ടയിലും ചെറിയ പ്രശ്‌നമുണ്ടാകും. ഇതുകൊണ്ട് ആരും മരിക്കാനൊന്നും പോകുന്നില്ല'' - ഡൊമിംഗോ പറഞ്ഞു.

വെള്ളിയാഴ്ച മുഖാവരണം ധരിച്ചാണ് ബംഗ്ലാദേശ് താരങ്ങള്‍ പരിശീലനത്തിനിറങ്ങിയത്. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ വേദി മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ചതു പോലെ കളി നടക്കുമെന്ന നിലപാടിലാണ് ബി.സി.സി.ഐ.

Content Highlights: Bangladesh Coach As Players Wear Masks During Training In Delhi