
Mashrafe Mortaza Photo Courtesy: BCB
ധാക്ക: മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്റഫെ മൊര്‍താസ. മോശം ഫോമിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മൊര്‍താസയുടെ നിയന്ത്രണം വിട്ടത്. ഇപ്പോഴത്തെ പ്രകടനത്തില്‍ നാണക്കേട് തോന്നുന്നില്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്തിന് നാണക്കേട് തോന്നണം? ഞാന്‍ കള്ളനാണോ? എന്നായിരുന്നു മൊര്‍താസയുടെ മറുചോദ്യം. സിംബാബ്വെയ്ക്കെതിരേ ഞായറാഴ്ച്ച തുടങ്ങുന്ന ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബംഗ്ലാദേശ് ക്യാപ്റ്റന്‍.
'ഗ്രൗണ്ടില്‍ നിന്ന് ഞാന്‍ എന്തെങ്കിലും മോഷ്ടിച്ചോ? ഞാന്‍ കള്ളനാണോ? ആത്മാഭിമാനം, നാണക്കേട് തുടങ്ങിയ കാര്യങ്ങള്‍ ക്രിക്കറ്റുമായി ബന്ധിപ്പിക്കാന്‍ എനിക്ക് കഴിയില്ല. മോഷ്ടിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന ആളുകളുണ്ട്. അവര്‍ ചെയ്യുന്ന കാര്യത്തില്‍ അവര്‍ ലജ്ജിക്കാറില്ലേ? വിക്കറ്റ് ലഭിക്കാത്തതില്‍ ഞാന്‍ ലജ്ജിക്കണോ? ഞാന്‍ അവരെപ്പോലെ കള്ളനാണോ?.' മൊര്‍താസ ചോദിക്കുന്നു.
'എനിക്ക് വിക്കറ്റ് ലഭിക്കാത്തതില്‍ ആരാധകര്‍ക്ക് എന്നെ വിമര്‍ശിക്കാം. പക്ഷേ അതിന്റെ പേരില്‍ ഞാന്‍ ലജ്ജിക്കുന്നത് എന്തിനാണ്? എന്റെ പ്രകടനം മോശമായാല്‍ ടീമില്‍ നിന്ന് ഒഴിവാക്കാം. അത്രയേ ഉള്ളൂ. അല്ലാതെ അതിന്റെ പേരില്‍ നാണക്കേട് തോന്നണമോ?'. മൊര്‍താസ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ലോകകപ്പിന് ശേഷം ബംഗ്ലാദേശ് ഏകദിന ടീമില്‍ മൊര്‍താസ ഇടം നേടിയിട്ടില്ല. ലോകകപ്പില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റാണ് താരം നേടിയത്. ഇതോടെ ബംഗ്ലാ ക്യാപ്റ്റന്‍ ഏറെ വിമര്‍ശനം കേട്ടിരുന്നു. അതിനുശേഷം സിംബാബ്വെയ്ക്കേതിരായ പരമ്പരയിലൂടെയാണ് മൊര്‍താസ തിരിച്ചുവരാനൊരുങ്ങുന്നത്
Content Highlights: Bangladesh captain Mashrafe Mortaza fumes at reporter
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..