ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം. ബാഡ്മിന്റണ്‍ എസ് എച്ച് 6 പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കൃഷ്ണ നാഗര്‍ സ്വര്‍ണം നേടി. ഫൈനലില്‍ ഹോങ് കോങ്ങിന്റെ ചു മാന്‍ കൈയെയാണ് താരം കീഴടക്കിയത്. 

മൂന്ന് ഗെയിം നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് കൃഷ്ണ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 21-17, 16-21, 21-17. ഈയിനത്തിലെ ലോക രണ്ടാം നമ്പര്‍ താരമായ കൃഷ്ണ ആദ്യ ഗെയിം അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ അനാവശ്യ പിഴവുകള്‍ വരുത്തിയതോടെ ഹോങ് കോങ് താരം ഒപ്പമെത്തി. എന്നാല്‍ മൂന്നാം ഗെയിമില്‍ മികച്ച തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ താരം 21-17 എന്ന സ്‌കോറിന് ഗെയിമും മത്സരവും സ്വന്തമാക്കി. കൃഷ്ണയുടെ കരിയറിലെ ആദ്യ പാരാലിമ്പിക്‌സ് മെഡലാണിത്.

ടോക്യോ പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. നേരത്തേ പ്രമോദ് ഭഗത്തും സ്വര്‍ണം നേടിയിരുന്നു. 

ഈ മെഡല്‍ നേട്ടത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ 24-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമടക്കം 19 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നു വളര്‍ന്നുവന്ന കൃഷ്ണയ്ക്ക് മുന്‍പ് പല അന്താരാഷ്ട്ര മത്സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം അതെല്ലാം വേണ്ടെന്നുവെച്ചു. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് താരം പാരലിമ്പിക്സിന് യോഗ്യത നേടിയത്.

Content Highlights: Badminton star Krishna Nagar clinches gold in Tokyo paralympics