ബെംഗളൂരു: കോവിഡ് ബാധിച്ച ബാഡ്മിന്റണ്‍ ഇതിഹാസം പ്രകാശ് പദുക്കോണ്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍. അദ്ദേത്തിന്റെ ഭാര്യയും രണ്ടാമത്തെ മകള്‍ അനിഷയും കോവിഡ് ബാധിതരാണ്. കടുത്ത പനി ഭേദമാകാത്തതിനെ തുടര്‍ന്നാണ് പ്രകാശ് പദുക്കോണിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

65-കാരനായ അദ്ദേഹത്തിന് ഈ ആഴ്ച ആശുപത്രി വിടാനായേക്കുമെന്ന് ബാഡ്മിന്റണ്‍ കോച്ചും പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ അക്കാദമി ഡയറക്ടറുമായ വിമല്‍ കുമാര്‍ അറിയിച്ചു.

ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രകാശ് പദുക്കോണിനും ഭാര്യയ്ക്കും മകള്‍ അനിഷയ്ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയും മകളും വീട്ടില്‍ ഐസൊലേഷനിലാണ്. 

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയ അദ്ദേഹം ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ്.

1991-ല്‍ വിരമിച്ച ശേഷം അദ്ദേഹം ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബി.എ.ഐ) ചെയര്‍മാനായിരുന്നു. 1993 മുതല്‍ 1996 വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായും സേവനമനുഷ്ഠിച്ചു.

Content Highlights: Badminton great Prakash Padukone tests positive for Covid-19