തിരുവനന്തപുരം: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ പരിശീലകനായിരുന്ന എസ്.ബാലചന്ദ്രന്‍ നായര്‍ അന്തരിച്ചു. തിരുവനന്തുപുരത്തെ വീട്ടിലായിരുന്നു അന്ത്യം. ഏറെക്കാലം ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ച ബാലചന്ദ്രന്‍ നായര്‍ നിരവധി ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റുകളില്‍ ടീമിനെ അനുഗമിച്ചിട്ടുണ്ട്.

വര്‍ഷങ്ങളോളം തൃശൂര്‍ സായിയില്‍ പരിശീലകനായിരുന്ന ബാലചന്ദ്രന്‍ നായരുടെ ശിക്ഷണത്തിലാണ് ദേശീയ താരങ്ങളായ യു.വിമല്‍കുമാര്‍, ഒളിമ്പ്യന്‍ വി.ദിജു, സനേവ് തോമസ്, ജോര്‍ജ് തോമസ് തുടങ്ങിയ താരങ്ങള്‍ വളര്‍ന്നുവന്നത്.

പരിശീലകാര്യങ്ങളില്‍ അച്ചടക്കത്തിന് അങ്ങേയറ്റത്തെ പ്രാധാന്യം കൊടുത്തിരുന്ന പരിശീലകനായിരുന്നു ബാലചന്ദ്രനെന്ന് ഒളിമ്പ്യന്‍ വി.ദിജു അനുസ്മരിച്ചു. കളിക്കാര്‍ക്ക് അടിസ്ഥാന പാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന കാര്യത്തില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. അച്ചടക്കത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നില്ല. കളിക്കാരുടെ ബന്ധുക്കളെ പരിശീലനസമയത്ത് അടുപ്പിച്ചിരുന്നില്ല. പരിശീലസമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതും കര്‍ശനമായി വിലക്കിയിരുന്നു. വളര്‍ന്നുവരുന്ന താരങ്ങളുടെ പ്രതിഭയെ രാകിമിനുക്കുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ മികവ് പുലര്‍ത്തിയ പരിശീലകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഞാന്‍ അര്‍ജുന അവാര്‍ഡ് സ്വീകരിച്ചത്-ദിജു പറഞ്ഞു.

diju and balachdnaran nair
വി.ദിജു ബാലചന്ദ്രൻ നായർക്കൊപ്പം

നിരവധി ദേശീയ താരങ്ങളെ വളര്‍ത്തിയെടുത്ത പരിശീലകനാണെങ്കിലും അര്‍ഹതപ്പെട്ട അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. മൂന്ന് തവണ ദ്രോണാചാര്യ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇക്കുറിയും അപേക്ഷിക്കാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

ഭാര്യ: വത്സല. മക്കള്‍: പ്രിയ, പ്രിജ.

Content Highlights: Badminton Coach S Balachandran Nair Passes Away