ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ എസ്.എച്ച് വണ്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അവനി ലേഖറ വെങ്കലമെഡല്‍ സ്വന്തമാക്കി. ഇന്ത്യ ടോക്യോ പാരാലിമ്പിക്‌സില്‍ നേടുന്ന 12-ാം മെഡലാണിത്. 

ടോക്യോ പാരാലിമ്പിക്‌സില്‍ അവനിയുടെ രണ്ടാം മെഡലാണിത്. നേരത്തേ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അവനി സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ പാരാലിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരം എന്ന റെക്കോഡ് അവനി സ്വന്തമാക്കി. വെറും 19 വയസ്സ് മാത്രം പ്രായമുള്ള അവനി 445.9 പോയന്റ് നേടിക്കൊണ്ടാണ് വെങ്കലമെഡല്‍ കഴുത്തിലണിഞ്ഞത്. 

ഈ ഇനത്തില്‍ ചൈനയുടെ സി.പി.ഷാങ് സ്വര്‍ണവും ജര്‍മനിയുടെ ഹില്‍ട്രോപ്പ് വെള്ളിയും സ്വന്തമാക്കി. യോഗ്യതാ റൗണ്ടില്‍ നിന്നും രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് അവനി ഫൈനലിലേക്ക് യോഗ്യത നേടിയത്. 

ഈ വെങ്കലമെഡല്‍ നേട്ടത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ 36-ാം സ്ഥാനത്ത് തുടരുന്നു. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യയുടെ ശേഖരത്തിലുള്ളത്. 

ഇന്ന് ഇന്ത്യ നേടുന്ന രണ്ടാം മെഡലാണിത്. നേരത്തേ പുരുഷന്മാരുടെ ഹൈജമ്പില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ വെള്ളിമെഡല്‍ നേടിയിരുന്നു.

Content Highlights: Avani Lekhara bags bronze in Women's 50 m rifle shooting for India