മഞ്ചേരി: ഫുട്ബോള്‍താരം ധനരാജിന്റെ മരണത്തിന് കാരണം അയോര്‍ട്ടിക് ഡിസേര്‍ഷന്‍ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

രക്തം ഇരച്ചുകയറി മഹാധമനിയുടെ ഭിത്തിപൊട്ടി ഹൃദയാവരണത്തില്‍ പരന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കി. മഹാധമനി ഭിത്തിയില്‍ നേരത്തെതന്നെ വിള്ളലുകളുണ്ടായിരുന്നു. രക്തസമര്‍ദമാവാം ഇതിനുകാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിള്ളലുകള്‍ വലുതായി രക്തം ഇവിടേക്ക് ഇരച്ചുകയറുകയായിരുന്നു. അപൂര്‍വമായാണ് അയോര്‍ട്ടിക് ഡിസേര്‍ഷന്‍ സംഭവിക്കുന്നതെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗവിദഗ്ധന്‍ ഡോ. ഇ.കെ.എച്ച്. ജഷീല്‍ പറഞ്ഞു.

അതേസമയം കേരളത്തിന്റെ മുന്‍ സന്തോഷ് ട്രോഫിതാരം അന്തരിച്ച ആര്‍. ധനരാജിന് (39) മരുതറോഡ് പഞ്ചായത്ത് മൈതാനത്തെ മണ്ണില്‍ ഒരുപിടി പൂക്കളര്‍പ്പിച്ച് കായിക ലോകം വിടപറഞ്ഞു. ഞായറാഴ്ച രാത്രി പെരിന്തല്‍മണ്ണയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണാണ് ധനരാജ് മരിച്ചത്. മൃതദേഹം തിങ്കളാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. തുടര്‍ന്ന് രണ്ടരയോടെ കല്ലേപ്പുള്ളി കൊട്ടേക്കാട് തെക്കോണിയിലെ വീട്ടിലെത്തിച്ചു.

മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കാത്തുനിന്നത്. മുന്‍ പരിശീലകന്‍ ടി.കെ. ചാത്തുണ്ണി, വി.കെ. ശ്രീകണ്ഠന്‍ എം.പി., ഫുട്ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുകൂടിയായ ഷാഫി പറമ്പില്‍ എം.എല്‍.എ., കെ.വി. വിജയദാസ് എം.എല്‍.എ., നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ തുടങ്ങി നിരവധിപേര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. അഞ്ചരയോടെ മൃതദേഹം വിലാപയാത്രയായി ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. തുടര്‍ന്ന്, അനുശോചന പൊതുയോഗവും നടന്നു.

Content Highlights: autopsy report says Dhanaraj's death was due to aortic dissection