ലണ്ടന്‍: ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ക്രിക്കറ്റ് താരങ്ങള്‍ മത്സരം ഒത്തുകളിക്കുന്നതില്‍ പങ്കാളികളാണെന്ന അല്‍ ജസീറ ടി.വി.യുടെ വെളിപ്പെടുത്തലിനെ തള്ളി അവിടത്തെ ക്രിക്കറ്റ് ബോര്‍ഡുകള്‍ രംഗത്ത്. 

ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യക്തതയില്ലാത്തതുമാണെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ഇ.സി.ബി.) ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സ്ഥാനമൊഴിയുന്ന ചീഫ് എക്‌സിക്യുട്ടീവ് ജയിംസ് സതര്‍ലന്‍ഡും അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) പട്ടികയിലുള്ള ഒത്തുകളിക്കാരന്‍ അനീല്‍ മുനവറാണ് വെളിപ്പെടുത്തലുകളുടെ കേന്ദ്രബിന്ദു. 2010-12 കാലയളവില്‍ ആറ് ടെസ്റ്റ്, ആറ് ഏകദിനം, ട്വന്റി 20 ലോകകപ്പിലെ മൂന്ന് മത്സരം എന്നിവയില്‍ ഒത്തുകളി സംശയിക്കാവുന്ന 26 സംഭവങ്ങളാണ് ഞായറാഴ്ച 'ക്രിക്കറ്റ്‌സ് മാച്ച് ഫിക്‌സേഴ്‌സ്: ദി മുനവര്‍ ഫയല്‍സ്' എന്ന ഡോക്യുമെന്ററിയിലൂടെ അല്‍ ജസീറ പുറത്തുവിട്ടത്. 

ഏഴ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിന്റെയും അഞ്ച് കളിയില്‍ ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ പങ്കാളികളാണെന്ന് അല്‍ ജസീറ അവകാശപ്പെടുന്നു. പാകിസ്താന്‍ താരങ്ങളും ഒത്തുകളിയിലുണ്ടെന്നും അവര്‍ പറയുന്നു. ക്രിക്കറ്റ് ഒത്തുകളിയെക്കുറിച്ച് മുമ്പും അല്‍ ജസീറയുടെ വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ തെളിവുകള്‍ കൈമാറണമെന്ന ആവശ്യം അവര്‍ അംഗീകരിച്ചിട്ടില്ലെന്ന് ഐ.സി.സി. കുറ്റപ്പെടുത്തി.

കളിക്കാരുടെ കൂറിലും പെരുമാറ്റത്തിലും തങ്ങള്‍ക്ക് സംശയമില്ലെന്ന് ഇ.സി.ബി. വ്യക്തമാക്കി. അഴിമതിയില്ലാതാക്കുകയെന്ന പ്രഖ്യാപിത നയത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നറിയിച്ച ഇ.സി.ബി., സംശയാസ്പദമെന്ന് തോന്നിയ എല്ലാ സംഭവങ്ങളും ഐ.സി.സിയുടെ അഴിമതിവിരുദ്ധവിഭാഗത്തിന് കൈമാറിയതായും അറിയിച്ചു.

Australia, England rejects Spot Fixing Allegations

ഒത്തുകളിയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നയമാണ്. അഖണ്ഡത ഉറപ്പാക്കാന്‍ പ്രത്യേക സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ഓസീസ് ടീമിലെ ഇപ്പോഴത്തെയോ മുമ്പത്തെയോ കളിക്കാര്‍ ഏതെങ്കിലും തരത്തില്‍ ഇടപെട്ടതായി കണ്ടെത്തിയിട്ടില്ല. ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള എല്ലാ വിവരങ്ങളും ഐ.സി.സിയുടെ അഴിമതിവിരുദ്ധ വിഭാഗത്തിന് കൈമാറിയിട്ടുണ്ട് -സതര്‍ലന്‍ഡ് അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കേട്ട് കളിക്കാര്‍ മടുത്തിരിക്കയാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ സി.ഇ.ഒ. അലിസ്റ്റയര്‍ നിക്കോള്‍സന്‍ പറഞ്ഞു.

ഒത്തുകളിയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ളതെന്ന് അവകാശപ്പെടുന്ന എഡിറ്റ് ചെയ്തതും അല്ലാത്തതുമായ എല്ലാ തെളിവുകളും ഐ.സി.സി.യ്ക്ക് കൈമാറാന്‍ അല്‍ ജസീറ തയ്യാറാവണമെന്നും സതര്‍ലന്‍ഡ് ആവശ്യപ്പെട്ടു.

2012-ലെ ടിട്വന്റി ലോകകപ്പിലെ മൂന്ന് മത്സരങ്ങളിലും 2011-2012 കാലയളവില്‍ നടന്ന ആറു ടെസ്റ്റുകളിലും ആറു ഏകദിനങ്ങളിലും വാതുവെപ്പ് നടന്നുവെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. ഇത്തരത്തില്‍ 15 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 26 വാതുവെപ്പുകളാണ് നടന്നതെന്നാണ് അല്‍ ജസീറ വെളിപ്പെടുത്തിയത്. 

2011-ല്‍ ലോര്‍ഡ്സില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്, ഇതേ വര്‍ഷം കേപ്ടൗണില്‍ നടന്ന ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്, 2011 ഏകദിന ലോകകപ്പിലെ അഞ്ച് മത്സരങ്ങള്‍, 2012 ടിട്വന്റി ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍, 2012-ല്‍ യു.എ.ഇയില്‍ നടന്ന ഇംഗ്ലണ്ട്-പാകിസ്താന്‍ ടെസ്റ്റ് പരമ്പര എന്നിവയ്ക്ക് നേരെയാണ് ഡോക്യുമെന്ററി വിരല്‍ ചൂണ്ടുന്നത്. 

ഈ മത്സരങ്ങളിലെല്ലാം ഏതെങ്കിലും ഓവറോ സെഷനോ മാറ്റിമറിക്കുന്ന തത്സമയ വാതുവെപ്പാണ് നടന്നത്. മത്സരം പൂര്‍ണമായും ഒത്തുകളിച്ചിട്ടില്ല. ഇങ്ങനെ തത്സമയ വാതുവെപ്പ് (സ്പോട്ട് ഫിക്സിങ്ങ്) ന്റെ ഭാഗമായി ബാറ്റ്സ്മാന്‍ തന്റെ ശൈലിക്ക് ചേരാത്ത രീതിയില്‍ കളിച്ചതായാണ് അല്‍ ജസീറയുടെ കണ്ടെത്തല്‍. 

വാതുവെപ്പിന്റെ സൂത്രധാരനായ മുംബൈ സ്വദേശി അനീല്‍ മുനവ്വറുമായി സംസാരിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു. ഇയാള്‍ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട്. 

അനീല്‍ മുനവ്വറിന്റെ ഫോണ്‍ സംഭാഷണങ്ങളും വാതുവെപ്പിന് തെളിവായി ചാനല്‍ ചൂണ്ടിക്കാട്ടുന്നു. ഫോണ്‍ സംഭാഷണത്തിനിടയില്‍ അനീല്‍ നടത്തുന്ന 26 പ്രവചനങ്ങളില്‍ 25 എണ്ണവും ശരിയാകുന്നുണ്ട്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി അനീലിന് ബന്ധമുള്ളതായും ചാനല്‍ വ്യക്തമാക്കുന്നു.

Content Highlights: Australia, England rejects Spot Fixing Allegations