Image Courtesy: Getty Images
ക്രിക്കറ്റ് ലോകത്ത് ദക്ഷിണാഫ്രിക്കയോളം നിര്‍ഭാഗ്യം വേട്ടയാടിയ മറ്റൊരു ടീമുണ്ടാകുമോ? ഇല്ല എന്നുതന്നെ നിസ്സംശയം പറയാം. ക്രിക്കറ്റിന്റെ വലിയ മാമാങ്കങ്ങളില്‍ മികച്ച നിരയുമായി എത്തിയിട്ടും പലപ്പോഴും ഭാഗ്യക്കേടില്‍ തട്ടി പുറത്തേക്കുള്ള വഴി തെളിയാറുള്ള ടീം, അതാണ് ദക്ഷിണാഫ്രിക്ക. ലോകകപ്പുകളുടെ ചരിത്രമെടുത്താല്‍ അവസാനം വരെ ആവേശം നിറഞ്ഞുനില്‍ക്കുന്ന മത്സരങ്ങളില്‍ നിങ്ങള്‍ക്ക് മിക്കപ്പോഴും പ്രോട്ടീസിനെ കാണാം.
1999 ലോകകപ്പിലെ ദക്ഷിണാഫ്രിക്ക - ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരം ഓര്‍മിക്കപ്പെടുന്നതും ദക്ഷിണാഫ്രിക്കയുടെ കണ്ണീരിന്റെ പേരിലാണ്. ജയിക്കാനാകുമായിരുന്ന മത്സരം ടൈയില്‍ കലാശിച്ച് മോഹിച്ച ഫൈനല്‍ ബര്‍ത്ത് നഷ്ടമായതിന്റെ പേരില്‍ പ്രോട്ടീസിന്റെ കണ്ണീര്‍ വീണത് 21 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ ജൂണ്‍ 17-നായിരുന്നു. ഒറ്റയാള്‍ പോരാട്ടവുമായി കളംനിറഞ്ഞ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍ അവരുടെ ദുരന്ത നായകനുമായി.
1999 ജൂണ്‍ 17-ന് ബര്‍മിങ്ഹാമില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പൊള്ളോക്കും അലന്‍ ഡൊണാള്‍ഡും കാലിസും മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ ഓസീസ് മുന്‍നിര തകര്‍ന്നു. എന്നാല്‍ സ്റ്റീവ് വോയും (56) മൈക്കല്‍ ബെവനും ചേര്‍ന്ന് അവരെ 213 എന്ന സ്‌കോറിലെത്തിച്ചു.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയും തുടക്കത്തില്‍ പതറി. പക്ഷേ ജാക്ക് കാലിസും (53), ജോണ്‍ഡി റോഡ്‌സും (43) ചേര്‍ന്ന് അവരെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. മത്സരം അവസാന ഓവറുകളിലേക്ക് നീണ്ടതോടെ വമ്പനടികളുമായി ലാന്‍സ് ക്ലൂസ്‌നര്‍ കളംനിറഞ്ഞു. ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ക്ലൂസ്‌നറുടെ സാന്നിധ്യം പ്രോട്ടീസിന് ആശ്വാസമായിരുന്നു. അവസാന ഓവറില്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഒമ്പത് റണ്‍സ്. ഡാമിയന്‍ ഫ്‌ളെമിങ്ങിന്റെ ആദ്യ പന്ത് ക്ലൂസ്‌നര്‍ കവറിലൂടെ ബൗണ്ടറിലെത്തിച്ചു. അടുത്ത പന്തിലും ബൗണ്ടറി. സ്‌കോര്‍ തുല്യം. ഗാലറിയിലും ലോകമെമ്പാടുമുള്ള ടിവി സ്‌ക്രീനുകള്‍ക്ക് മുന്നിലും പ്രോട്ടീസ് ആരാധകര്‍ പൊട്ടിത്തെറിച്ചു.
എന്നാല്‍ സ്റ്റീവ് വോ എന്ന തന്ത്രശാലിയുടെ ആവനാഴിയില്‍ പിന്നെയും അസ്ത്രങ്ങളുണ്ടായിരുന്നു. നാലു പന്തുകള്‍ ശേഷിക്കെ വിജയം ഒരു റണ്‍ അകലെ. വോ ഓസീസ് ഫീല്‍ഡര്‍മാരെയെല്ലാം സര്‍ക്കിളിനുള്ളിലേക്ക് നിര്‍ത്തി. മൂന്നാംപന്തില്‍ മിഡ്ഓണിലേക്ക് ക്ലൂസ്‌നറുടെ ഷോട്ട് പാഞ്ഞു. ഡൊണാള്‍ഡ് റണ്‍സിനായി പകുതിയിലെത്തി. ഡാരല്‍ ലേമാന്റെ ത്രോ വിക്കറ്റിനെ തൊടാതെപോയി. ഓസ്‌ട്രേലിയന്‍ ആരാധകര്‍ ഗാലറിയില്‍ തലയില്‍ കൈവെച്ചിരുന്നുപോയി. ദക്ഷിണാഫ്രിക്ക ആശ്വസിച്ചു. നാലാംപന്ത് മിഡ് ഓഫിലേക്ക് പായിച്ച് ക്ലൂസ്‌നര്‍ ഓടാന്‍തുടങ്ങി. തൊട്ടുമുന്‍പത്തെ അനുഭവം ഓര്‍ത്താവാം പന്തിനെ നോക്കിനിന്ന ഡൊണാള്‍ഡ് ക്ലൂസ്‌നറുടെ വിളി കേട്ടില്ല. രണ്ടാളും നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍. മാര്‍ക്ക് വോയുടെ ത്രോ ഫ്‌ളെമിങ്ങിലൂടെ ഗില്‍ക്രിസ്റ്റിലേക്ക്. ബെയ്ല്‍ ഇളകുമ്പോള്‍ ഡൊണാള്‍ഡ് ക്രീസിന് പകുതിയിലായതേയുണ്ടായിരുന്നുള്ളൂ. എല്ലാം തകര്‍ന്നുവെന്ന് മനസ്സിലാക്കിയ ക്ലൂസ്‌നര്‍ തിരിഞ്ഞുപോലും നോക്കാതെ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍നിന്ന് പവലിയനിലേക്ക് നടന്നു.
സൂപ്പര്‍ സിക്‌സ് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആനുകൂല്യത്തില്‍ ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനലില്‍. ഓസീസ് ഇംഗ്ലണ്ടില്‍ നിന്ന് കപ്പുമായി മടങ്ങിയപ്പോള്‍ ഭാഗ്യക്കേടിനെ പഴിച്ച് ദക്ഷിണാഫ്രിക്ക കണ്ണീരോടെ മടങ്ങി.
Content Highlights: Australia and South Africa thrilling math at Edgbaston and South Africa’s 1999 World Cup heartbreak
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..