മെല്‍ബണ്‍: വെസ്റ്റിന്‍ഡീസിനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 177 റണ്‍സിന്റെ വിജയം. ഈ വിജയത്തോടെ പരമ്പരയും ഓസീസ് സ്വന്തമാക്കി. ടെസ്റ്റ് വിജയിക്കാന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 460 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റിന്‍ഡീസ് 282 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റസ്മാന്‍മാര്‍ക്കെല്ലാം നല്ല തുടക്കം കിട്ടിയെങ്കിലും ആര്‍ക്കും വലിയ സ്‌കോര്‍ കണ്ടെത്താനായില്ല. വെസ്റ്റിന്‍ഡ്യന്‍ ക്യാപ്റ്റന്‍ ജയ്‌സണ്‍ ഹോള്‍ഡറുടെയും(68), വിക്കറ്റ് കീപ്പര്‍ ദിനേശ് രാംദിന്‍(59) എന്നിവരുടെ അര്‍ദ്ധശതകങ്ങളാണ് വിന്‍ഡീസിന്റെ തോല്‍വി ഭാരം അല്‍പ്പമെങ്കിലും കുറച്ചത്. ഓസീസിനു വേണ്ടി മിച്ചല്‍ മാര്‍ഷ് നാലും, ലയണ്‍ മൂന്നും, പാറ്റിന്‍സണ്‍ രണ്ടും വിക്കറ്റുകള്‍ നേടി ശേഷിക്കുന്ന ഒരു വിക്കറ്റ് പീറ്റര്‍ സിഡില്‍ സ്വന്തമാക്കി. ഓസീസ് സ്പിനര്‍ നാഥന്‍ ലയണാണ് കളിയിലെ താരം.    

തലേന്നത്തെ സ്‌കോറായ മൂന്ന് വിക്കറ്റിന് 179 എന്ന നിലയില്‍ തന്നെ ഓസീസ് രണ്ടാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസനായി  സ്റ്റീവ് സ്മിത്ത്(70),ഉസ്മാന്‍ ഖവാജ(56) എന്നിവര്‍ അര്‍ദ്ധശതകം നേടി. വിന്‍ഡിസിനായി ജെയ്‌സണ്‍ ഹോള്‍ഡര്‍ രണ്ടും, ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് ഒന്നും വിക്കറ്റുകള്‍ നേടി.


ജോ ബേണ്‍സ്, ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, ആഡം വോജസ് എന്നിവരുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലായിരുന്നു ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 551ന് മൂന്ന് എന്ന കൂറ്റന്‍ സ്‌കോര്‍ നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡിസ് ഓസീസ് ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന ബൗളിങ്ങനു മുമ്പില്‍ 271 റണ്‍സിനു എല്ലാവരും പുറത്തായി. ഓസീസിനായി പാറ്റിന്‍സണ്‍, ലയണ്‍ എന്നിവര്‍ നാലു വിക്കറ്റും സിഡില്‍ രണ്ട് വിക്കറ്റും നേടി. രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നെങ്കിലും ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയുകയായിരുന്നു.ആദ്യ ടെസ്റ്റില്‍ ഓസീസ് വിജയിച്ചിരുന്നു ഇതോടെ മൂന്ന് മത്സരങ്ങളുടെ പരനിപര ഓസീസ് 2-0ന് സ്വന്തമാക്കി. 

ഒന്നാം ഇന്നിംഗ്‌സ് 
സ്‌കോര്‍: ഓസ്‌ട്രേലിയ(135 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 551 ഡിക്ല)
വെസ്റ്റ്ഇന്‍ഡീസ് (100.3 ഓവറില്‍ 271ന് എല്ലാവരും പുറത്ത്)

രണ്ടാം ഇന്നിംഗ്‌സ്

സ്‌കോര്‍:(ഓസ്‌ട്രേലിയ 32 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 179 ഡിക്ല)
(വെസ്റ്റിന്‍ഡീസ് 88.3 ഓവറില്‍ 282ന് എല്ലാവരും പുറത്ത്)