മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിനെ ആശങ്കയിലാഴ്ത്തി സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടു താരങ്ങൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ലിസ്ബണിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ആർബി ലെപ്സിഗിനെ നേരിടാനൊരുങ്ങുന്നതിനിടയിലാണ് അത്ലറ്റിക്കോ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച്ച പുലർച്ചെ 12.30നാണ് ഈ മത്സരം.

ശനിയാഴ്ച്ച നടത്തിയ പരിശോധനയിലാണ് രണ്ടു താരങ്ങൾ കൊറോണ പോസിറ്റീവായത്. എന്നാൽ ഇരുവരുടേയും പേരുകൾ ക്ലബ്ബ് പുറത്തുവിട്ടിട്ടില്ല. രണ്ടുപേരും ഹോം ക്വാറന്റീനിൽ പ്രവേശിച്ചുവെന്ന് വാർത്താ കുറിപ്പിലൂടെ അത്ലറ്റിക്കോ മാഡ്രിഡ് അറിയിച്ചു.

വ്യാഴാഴ്ച്ച പുലർച്ചെ നടക്കുന്ന പി.എസ്.ജി-അറ്റ്ലാന്റെ മത്സരത്തോടെയാണ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരങ്ങൾ തുടങ്ങുക. മറ്റു മത്സരങ്ങളിൽ ബാഴ്സലോണ ബയേൺ മ്യൂണിക്കിനേയും മാഞ്ചസ്റ്റർ സിറ്റി ലിയോണിനേയും നേരിടും.

പ്രീ ക്വാർട്ടറിൽ ലിവർപൂളിനെ തോൽപ്പിച്ചാണ് അത്ലറ്റിക്കോ ക്വാർട്ടറിലെത്തിയത്. ഇരുപാദങ്ങളിലുമായി 4-2 നായിരുന്നു അത്ലറ്റിക്കോയുടെ വിജയം. ജൂലൈ 19-ന് ശേഷം അത്ലറ്റിക്കോ മാഡ്രിഡ് ഫുട്ബോൾ മത്സരങ്ങൾ കളിച്ചിട്ടില്ല. ലാ ലിഗയിൽ റയൽ സൊസൈദാദുമായിട്ടാണ് അവർ അവസാനമായി കളിച്ചത്. അതുകൊണ്ടു കൂടുതൽ ആശങ്കപ്പെടേണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

Content Highlights: Atletico Madrid in Champions League, two players test positive for corona virus