കാഠ്മണ്ഡു: നേപ്പാളില്‍ നടക്കുന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി പാക് താരം അര്‍ഷാദ് നദീം ചരിത്രമെഴുതിയിരുന്നു. 86.29 മീറ്റര്‍ ദൂരം എറിഞ്ഞ് 2020 ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയ അര്‍ഷാദിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്‌. ഒപ്പം ഈ ദൂരം പിന്നിടുന്ന ആദ്യ പാക് താരവും അര്‍ഷാദ് തന്നെ. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു പാക് താരം ഒളിമ്പിക്‌സിന് നേരിട്ട് യോഗ്യത നേടുന്നത്.

ഈ റെക്കോഡുകളെല്ലാം സ്വന്തം പേരിലെഴുതിയതോടെ അര്‍ഷാദിന് അഭിനന്ദനപ്രവാഹമാണ്. അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും അര്‍ഷാദിനെ അഭിനന്ദിക്കാന്‍ മറന്നില്ല. 2018 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്‌ക്കൊപ്പം അര്‍ഷാദ് പോഡിയത്തില്‍ നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്തായിരുന്നു അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഭിനന്ദനം.

ഈ ട്വീറ്റിന് പിന്നാലെ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ അഭിനന്ദിച്ചുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയ നിറയെ. സ്‌നേഹത്തിന്റേയും സമാധാനത്തിനേയും ട്വീറ്റ് ആണിതെന്നായിരുന്നു ഒരു ആരാധകന്റെ മകന്റ്. പാകിസ്താനില്‍ നിന്നുള്ള ആരാധകരും ഫെഡറേഷനെ അഭിനന്ദിച്ചു രംഗത്തുവന്നു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത ഇല്ലാതാക്കാനുള്ള ശക്തി സ്‌പോര്‍ട്‌സിനുണ്ടെന്നായിരുന്നു മറ്റൊരു കമനന്റ്. 

ഇന്ത്യയുടെ ശിവപാല്‍ സിങ്ങിനാണ് വെള്ളി. 84.43 മീറ്ററാണ് ശിവപാല്‍ സിങ്ങ് ജാവലിന്‍ എറിഞ്ഞ ദൂരം. 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിൽ 8.06 മീറ്റര്‍ എറിഞ്ഞ നീരജ് ചോപ്രക്കായിരുന്നു സ്വര്‍ണം. അന്ന് 80.75 മീറ്റര്‍ മാത്രം എറിഞ്ഞ നദീം വെങ്കലമാണ് നേടിയത്. 

Content Highlights: Athletics Federation Of India's Message For Pakistan Athlete Arshad Nadeem