ദോഹ: ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം. പുരുഷ ഡബിള്‍സ് മത്സരത്തിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി ശരത് കമല്‍-ജി സത്യന്‍ സഖ്യവും ഹര്‍മീത്-മാനവ് സഖ്യവും വെങ്കലം നേടി. 

ഇരുടീമുകളും സെമിയില്‍ തോറ്റ് പുറത്തായെങ്കിലും വെങ്കലമെഡലുമായി മടങ്ങി. ആദ്യ സെമിയില്‍ എട്ടാം സീഡായ ഹര്‍മീത്-മാനവ് സഖ്യം ദക്ഷിണ കൊറിയയുടെ വൂജിന്‍ യാങ്-ജൂങ്ഹൂണ്‍ ലിം സഖ്യത്തോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 4-11, 6-11, 12-10, 11-9, 11-8. ആദ്യ രണ്ട് സെറ്റുകളും നേടിയ ശേഷമാണ് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. 

രണ്ടാം സെമിയില്‍ ശരത് കമല്‍-സത്യന്‍ സഖ്യം ജപ്പാന്റെ യൂകിയ ഉട-ഷുന്‍സുകി ടോഗാമി സഖ്യത്തോട് തോല്‍വി വഴങ്ങി. ഇന്ത്യയെ കീഴടക്കിയ ജപ്പാന്‍ സഖ്യമാണ് പുരുഷ ഡബിള്‍സില്‍ സ്വര്‍ണം നേടിയത്. നാലാം സീഡായ ഇന്ത്യന്‍ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 5-11, 9-11, 11-13.

ഇത്തവണ മികച്ച പ്രകടനമാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ പുറത്തെടുത്തത്. മൂന്ന് വെങ്കലമാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ച്ച പുരുഷ ടീം വിഭാഗത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് മെഡലുകള്‍ സ്വന്തമാക്കുന്നത്. 

പുരുഷ ഡബിള്‍സിലും വനിതാ ഡബിള്‍സിലും ജപ്പാന്‍ സ്വര്‍ണം നേടിയപ്പോള്‍ പുരുഷ ടീം വിഭാഗത്തില്‍ ദക്ഷിണ കൊറിയ സ്വര്‍ണം സ്വന്തമാക്കി. 

Content Highlights: Asian Table Tennis Championships: India finish with two bronze medals in men's doubles