ചെന്നൈ: ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ച ആള്‍ദൈവം നിത്യാനന്ദയെ പരിഹസിച്ച് ഇന്ത്യന്‍ താരം ആര്‍.അശ്വിന്‍. നിത്യാനന്ദയുടെ രാജ്യത്തേക്ക് വിസ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും അതോ വിസ ഓണ്‍ അറൈവല്‍ ആണോ എന്നുമാണ് അശ്വിന്‍ ട്വീറ്റ് ചെയ്തത്.

കൈലാസ എന്ന ഹാഷ്ടാഗും ഈ ട്വീറ്റിനൊപ്പമുണ്ടായിരുന്നു. 'കൈലാസ' എന്ന പേരിലുള്ള വെബ്സൈറ്റിലാണ് ഹിന്ദുരാജ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

അശ്വിന്റെ ട്വീറ്റിന് ആരാധകര്‍ വ്യത്യസ്ത രീതിയിലാണ് മറുപടി നല്‍കിയത്. നിങ്ങള്‍ രാജ്യം സന്ദര്‍ശിക്കുക മാത്രമാണോ ചെയ്യുന്നത് അതോ പൗരത്വമെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു ഒരു ആരാധകന്റെ സംശയം. ഇരട്ട പൗരത്വം ഇന്ത്യയില്‍ അനുവദനീയമല്ല എന്നായിരുന്നു ഇതിന് അശ്വിന്‍ നല്‍കിയ മറുപടി. 

തമിഴ്നാട്ടില്‍ ജനിച്ചുവളര്‍ന്ന രാജശേഖരന്‍ പിന്നീട് നിത്യാനന്ദ എന്ന പേര് സ്വീകരിച്ച് ആള്‍ദൈവമാകുകയായിരുന്നു. ഏറ്റവും ഒടുവിലായി, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതിയില്‍ ഗുജറാത്ത് പോലീസ് കേസെടുത്തെങ്കിലും നിത്യാനന്ദയെ കണ്ടെത്താനായിട്ടില്ല. ഇതേത്തുടര്‍ന്ന് ഗുജറാത്ത് പോലീസ് ആഗോള പോലീസ് സംഘടനയായ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്. 

ഇതിനിടയിലാണ് നിത്യാനന്ദ ഇക്വഡോറില്‍ ദ്വീപ് വിലക്കുവാങ്ങിയ വിവരം പുറത്തുവന്നത്. ബലാത്സംഗ, ക്രിമിനല്‍ കേസുകളിലെ പ്രതിയായ നിത്യാനന്ദ ആ ദ്വീപ് ഹിന്ദുരാജ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കൈലാസ എന്ന വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. 

പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണ് ഈ രാജ്യമെന്ന് വെബ്സൈറ്റില്‍ പറയുന്നു. രാജ്യത്തിനു സ്വന്തമായി പാസ്പോര്‍ട്ടും പതാകയും ചിഹ്നവും ഉണ്ട്. തന്റെ അനുയായികളായ പത്തുപേരടങ്ങിയ മന്ത്രിസഭയും ഹിന്ദു പരമാധികാര റിപ്പബ്ലിക്കായ കൈലാസത്തില്‍ നിത്യാനന്ദ രൂപവത്കരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. 'കൈലാസത്തെ വീണ്ടെടുത്തയാള്‍' എന്നാണ് നിത്യാനന്ദയെ ഇതില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ദ്വീപിലിരിക്കുന്ന നിത്യാനന്ദയുടെ ചിത്രവുമുണ്ട്. 

 

Content Highlights: Ashwin trolls Nithyananda over Hindu nation Kailaasa