ചെന്നൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബാംഗങ്ങളുടെ വാക്കുകള്‍ തന്നെ മാനസികമായി അലട്ടുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍. വീരമൃത്യു വരിച്ച തമിഴ്‌നാട്ടില്‍ നിന്നുള്ള സി.ആര്‍.പി.എഫ് ജവാന്‍ ശിവചന്ദ്രന്റെ അമ്മയുടെ വാക്കുകളാണ് അശ്വിന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈ വാക്കുകള്‍ തന്നെ അസ്വസ്ഥമാക്കുന്നുവെന്നും പ്രാര്‍ത്ഥിക്കുക മാത്രമാണ് തനിക്ക് ചെയ്യാവുന്ന കാര്യമെന്നും അശ്വിന്‍ ട്വീറ്റില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തക പ്രിയങ്കതിരുമൂര്‍ത്തിയുടെ ട്വീറ്റ് പങ്കുവെച്ചാണ് അശ്വിന്‍ ഇക്കാര്യം പറയുന്നത്. ശിവചന്ദ്രന്റെ അമ്മയുടെ വാക്കുകളാണ് പ്രിയങ്കാതിരൂമൂര്‍ത്തി ട്വീറ്റ് ചെയ്തത്. 'കഴിഞ്ഞ മാസം മകന്‍ വന്നപ്പോള്‍ തിരികെ പോവരുത് എന്ന് ഞാന്‍ അവനോട് ആവശ്യപ്പെട്ടതാണ്. ഒരു മകന്‍ നേരത്തെ മരിച്ച എനിക്ക് ഏക ആശ്വാസം അവനായിരുന്നു. എന്നാല്‍ അമ്മയാണ് എനിക്ക് ജന്മം നല്‍കിയതെങ്കിലും എന്റെ ജീവന്‍ രാജ്യത്തിന് അവകാശപ്പെട്ടതാണ് എന്നാണ് അവന്‍ എന്നോട് മറുപടി പറഞ്ഞത്. മരിക്കുകയാണെങ്കില്‍ പട്ടാളക്കാരനായി മരിക്കണം എന്നും അവന്‍ എന്നോട് പറഞ്ഞു.' ഇതായിരുന്നു ശിവചന്ദ്രന്റെ അമ്മയുടെ വാക്കുകള്‍.

നേരത്തെ വിരാട് കോലിയും വീരേന്ദര്‍ സെവാഗുമടക്കമുള്ള താരങ്ങള്‍ പുല്‍വാമ ആക്രമണത്തെ അപലപിച്ചിരുന്നു. ഒരു മേശക്കിരുവശം ഇരുന്നുള്ള സംസാരം മതിയെന്നും ഇനി സംസാരം യുദ്ധക്കളത്തിലാകാം എന്നുമായിരുന്നു ഗംഭീറിന്റെ പ്രതികരണം. വീരമൃത്യു വരിച്ച ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുമെന്ന് സെവാഗും ഗംഭീറും വ്യക്തമാക്കിയിരുന്നു.

tweet

Content Highlights: Ashwin Responds to Painful Tale by Martyr's Mother Pulwama Attack