ചെന്നൈ:  ആവശ്യക്കാര്‍ക്ക് എന്‍-95 മാസ്‌ക്ക് വാങ്ങിക്കൊടുക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയുടെ സ്പിന്‍ ബൗളര്‍ ആര്‍.അശ്വിന്‍. എന്‍-95 മാസ്‌ക്കുകളുടെ വില കൂടുതലാണെന്ന ഒരു ആരാധകന്റെ കമന്റിന് മറുപടി നല്‍കുകയായിരുന്നു അശ്വിന്‍. 

എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ഇരട്ട മാസ്‌ക്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും അശ്വിന്‍ ട്വീറ്റ് ചെയ്തു. വാക്‌സിന്‍ സ്വീകരിക്കുക എന്നതാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം. കോവിഡ് ക്ലസ്റ്ററാക്കി രാജ്യത്തെ മാറ്റാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം. ഇതായിരുന്നു അശ്വിന്റെ ട്വീറ്റ്. 

ഇതിന് മറുപടിയായാണ് എന്‍-95 മാസ്‌ക്കിന് വില കൂടുതലാണെന്ന് ആരാധകന്‍ കമന്റ് ചെയ്തത്. 70 രൂപയാണ് എന്‍-95 മാസ്‌ക്കിന്റെ വില. സാധാരണ സര്‍ജിക്കല്‍ മാസ്‌ക്കിന് 10 രൂപയേ വില വരൂ. അതാകട്ടെ എട്ടു മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. വരുമാനമില്ലാതെ, ഭക്ഷണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ എങ്ങനെ ഈ വില താങ്ങും.? ആരാധകന്‍ അശ്വിനോട് ചോദിച്ചു.

'എന്‍-95 മാസ്‌ക്ക് കഴുകിയതിന് ശേഷം ഉപയോഗിക്കാം. അതു വാങ്ങാന്‍ കഴിവില്ലാത്തവരെ സഹായിക്കാന്‍ തയ്യാറാണ്. അങ്ങനെയുള്ളവരെ എങ്ങനെ സഹായിക്കണം എന്നു പറഞ്ഞുതരൂ.' അശ്വിന്‍ ആരാധകന് മറുപടി നല്‍കി. 

Content Highlights: Ashwin ready to buy N 95 Mask