ന്യൂഡല്‍ഹി:  ട്വന്റി-20 ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിയുകയാണ്. പകരം ആര് ഇന്ത്യയെ നയിക്കും എന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. കെഎല്‍ രാഹുലിന്റേയും രോഹിത് ശര്‍മയുടേയുമെല്ലാം പേരുകള്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഒരു അപ്രതീക്ഷിത പേര് നിര്‍ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ. 

ട്വന്റി-20യില്‍ പേസ് ബൗളര്‍ ജസപ്രീത് ബുംറ ഇന്ത്യയെ നയിക്കണമെന്നാണ് നെഹ്‌റ പറയുന്നത്. 'ഒരു ക്യാപ്റ്റനാകാനുള്ള എല്ലാ ഗുണങ്ങളും ബുംറയ്ക്കുണ്ട്. മുന്‍ വൈസ് ക്യാപ്റ്റന്‍ അജയ് ജഡേജ പറഞ്ഞതുപോലെ ഗെയിം ഏറ്റവും നന്നായി മനസ്സിലാക്കുന്ന താരമാണ് ബുംറ. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിനായി ബുംറ കളിക്കുന്നുണ്ട്. പേസ് ബൗളര്‍മാരെ ക്യാപ്റ്റനാക്കാന്‍ പറ്റില്ലെന്ന നിയമമൊന്നുമില്ലല്ലോ?', ക്രിക്ക്ബസ്സിന് നല്‍കിയ അഭിമുഖത്തില്‍ നെഹ്‌റ പറയുന്നു.

ഈ മാസം അവസാനം ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യ മൂന്ന് ട്വന്റി-20 മത്സരങ്ങള്‍ കളിക്കുന്നുണ്ട്. അതിന് മുമ്പ് പുതിയ ക്യാപ്റ്റനെ ബിബിസിഐ പ്രഖ്യാപിച്ചേക്കും. 

Content Highlights: Ashish Nehra Names Player Who Can Replace Virat Kohli As India Captain In T20Is