ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അശോക് ദിൻഡ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലും ബംഗാള്‍ ടീമിലും ഐ.പി.എല്ലിലും നിരവധി മത്സരങ്ങള്‍ കളിച്ച ഡിന്‍ഡയ്ക്ക് ആശംസകള്‍ നേര്‍ന്ന് ബി.സി.സി.ഐ രംഗത്തെത്തി.

ഇന്ത്യയ്ക്ക് വേണ്ടി 13 ഏകദിന മത്സരങ്ങളിലും ഒന്‍പത് ട്വന്റി 20 മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം ഏകദിനത്തില്‍ 12 ഉം ട്വന്റി 20യില്‍ 17 ഉം വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 

2009-ല്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തിലൂടെയാണ് ദിൻഡ ആദ്യമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. പിന്നീട്  2010-ല്‍ സിംബാബ്വെയ്‌ക്കെതിരേ ഏകദിനത്തിലും അരങ്ങേറി. 

ഐ.പി.എല്ലിലും നിറസാന്നിധ്യമായിരുന്നു ദിൻഡ. 78 മത്സരങ്ങളില്‍ നിന്നും 69 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട് താരം. 2017-ലാണ് അവസാനമായി ഐ.പി.എല്ലില്‍ കളിച്ചത്. 

'എല്ലാ ക്രിക്കറ്റ് താരങ്ങളെയും പോലെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നത് എന്റെ മോഹമായിരുന്നു. ബംഗാളിന് വേണ്ടി കളിച്ചതോടെയാണ് എനിക്ക് ഇന്ത്യന്‍ ടീമിലേക്ക് കയറാനുള്ള അവസരം ലഭിച്ചത്. ബംഗാള്‍ ടീമിലെ മുതിര്‍ന്ന താരങ്ങളായ ദീപ്ദാസ് ഗുപ്തയും രോഹന്‍ ഗവാസ്‌കറുമെല്ലാം എന്നെ നന്നായി സഹായിച്ചു. സൗരവ് ഗാംഗുലിയോടാണ് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നത്. 2005-06 സീസണില്‍ ബംഗാള്‍ ടീമില്‍ സ്ഥാനം നേടാന്‍ എന്നെ സഹായിച്ചത് അദ്ദേഹമാണ്. അങ്ങനെയാണ് മഹാരാഷ്ട്രയ്‌ക്കെതിരെ എനിക്ക് ആദ്യമായി ബംഗാളിന് വേണ്ടി കളിക്കാന്‍ സാധിച്ചത്. ദാദയോട് ഞാന്‍ എന്നും നന്ദിയുള്ളവനായിരിക്കും. ഇനിയുള്ള സമയം ബംഗാള്‍ ക്രിക്കറ്റിനെ സഹായിക്കാനാണ് എന്റെ തീരുമാനം'- ദിൻഡ പറഞ്ഞു.

21-ാം വയസ്സിലാണ് താരം ആദ്യമായി ബംഗാള്‍ ക്രിക്കറ്റ് ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. 

Content Highlights: As Dinda retires, BCCI wishes him luck for future endeavours