ഡല്‍ഹി ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തില്‍ അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധിച്ച് മുന്‍ ഇന്ത്യന്‍ താരം ബിഷന്‍ സിങ് ബേദി.

പ്രതിമ സ്ഥാപിക്കാനുള്ള ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) നീക്കത്തെ തുടര്‍ന്ന് താന്‍ ഡി.ഡി.സി.എ അംഗത്വം ഉപേക്ഷിക്കുകയാണെന്ന് തുറന്നടിച്ച ബേദി, ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തിലെ സ്റ്റാന്‍ഡില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അസോസിയേഷന്റെ പുതിയ സെക്രട്ടറിയും അരുണ്‍ ജെയ്റ്റിലുടെ മകനുമായ രോഹന്‍ ജെയ്റ്റിലിക്ക് കത്തയച്ചു. 

1999 മുതല്‍ 2013 വരെ 14 വര്‍ഷം ഡി.ഡി.സി.എ പ്രസിഡന്റായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ആറടിയോളം ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ഡി.ഡി.സി.എ അധികൃതര്‍ തീരുമാനിച്ചത്. 

ഡി.ഡി.സി.എയില്‍ നടക്കുന്നത് സ്വജനപക്ഷപാതമാണെന്നും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് ക്രിക്കറ്റര്‍മാരേക്കാള്‍ പ്രാധാന്യം നല്‍കുകയാണെന്നും ബേദി കത്തില്‍ പറയുന്നു.

താന്‍ ഒരിക്കലും അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രവര്‍ത്തന രീതി അംഗീകരിച്ചിരുന്നില്ലെന്നും സ്ഥാപിത താല്‍പ്പര്യങ്ങളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും ബേദി ചൂണ്ടിക്കാട്ടി. അതില്‍ പ്രതിഷേധിച്ച് പലതവണ അദ്ദേഹം പങ്കെടുത്ത യോഗങ്ങളില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നുവെന്നും ബേദി വ്യക്തമാക്കി.

Content Highlights: Arun Jaitley Statue At Stadium Bishan Singh Bedi Quits DDCA