ന്യൂഡല്‍ഹി: ഫിഫയുടെ തലപ്പത്തുണ്ടായ അഴിമതി നാണക്കേടുണ്ടാക്കിയെന്ന് ഫുട്‌ബോള്‍ ഇതിഹാസം പെലെ. എന്നാല്‍ അതുകൊണ്ട് ഫുട്‌ബോളിന്റെ കീര്‍ത്തി മങ്ങില്ലെന്നും ആദ്യമായി ഡല്‍ഹിയിലെത്തിയപ്പോള്‍ പെലെ വ്യക്തമാക്കി. ഫിഫയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പാടില്ലെന്ന് സംഘാടകര്‍ മാധ്യമങ്ങളെ വിലക്കിയെങ്കിലും ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് കാല്‍പ്പന്തുകളിയുടെ രാജാവ് മനസ്സുതുറന്നു. ഫിഫയിലെ അഴിമതി അതിന്റെ ഭരണസമിതിയിലെ ചില വ്യക്തികളുമായി ബന്ധപ്പെട്ടാണുണ്ടായത്. മൈതാനത്തെ പ്രശ്‌നമല്ല. അതുകൊണ്ടുതന്നെ ഫുട്‌ബോളിന്റെ കീര്‍ത്തിയെ അത് ബാധിക്കില്ല.

ഫിഫയില്‍ സംഭവിച്ച കാര്യങ്ങളില്‍ വിഷമമുണ്ട്. എന്നാല്‍ അതിനെ ഫുട്‌ബോളുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിഫയുടെ തലപ്പത്തേക്ക് സീക്കോ വരുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, അദ്ദേഹം കഴിവുള്ള മനുഷ്യനാണെന്ന് മാത്രമായിരുന്നു പെലെയുടെ മറുപടി. സീക്കോയാണ് ഏറ്റവും മികച്ചതെന്ന് പറയാന്‍ പെലെ തയ്യാറായില്ല.

പ്രശ്‌നങ്ങള്‍ വെച്ചുമാത്രം ഫിഫയെ വിമര്‍ശിക്കരുതെന്ന് പെലെ ഓര്‍മിപ്പിച്ചു. ഇന്ന് നമ്മള്‍ കാണുന്ന ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്ക് കാരണം ഫിഫയാണ്. വിമര്‍ശിക്കാന്‍ എളുപ്പമാണ്. ലോകത്തെ ഏറ്റവും ജനകീയമായ കായികവിനോദമാണ് ഫുട്‌ബോളെന്നും പെലെ പറഞ്ഞു.

ഇന്ത്യയിലെ ഫുട്‌ബോളിന്റെ അവസ്ഥയെക്കുറിച്ച് കൂടുതല്‍ പറയാന്‍ പെലെ തയ്യാറായില്ല. ബ്രസീലിനും പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും എക്കാലത്തേക്കുമുള്ളതല്ല. ഇന്ത്യന്‍ ഫുട്‌ബോളിന് നല്‍കുന്ന സന്ദേശമെന്താണെന്ന ചോദ്യത്തിന് തന്റെ അച്ഛന്‍ പറഞ്ഞ കാര്യങ്ങളാണ് അദ്ദേഹം ഓര്‍മിച്ചത്. തന്റെ അച്ഛനും ഫുട്‌ബോള്‍ താരമായിരുന്നു. ഒരു കളിയില്‍ അഞ്ച് ഗോളുകള്‍ ഹെഡ് ചെയ്ത് അദ്ദേഹം നേടിയിട്ടുണ്ട്. ഫുട്‌ബോളിനെ ബഹുമാനിക്കാനാണ് അച്ഛന്‍ എന്നും പഠിപ്പിച്ചത്. ഏറ്റവും മികച്ചത് താനാണ് എന്ന ചിന്ത പാടില്ലെന്നും 74-കാരനായ ഇതിഹാസതാരം ഓര്‍മിപ്പിച്ചു.

മൂന്ന് ലോകകപ്പ് നേടിയ ബ്രസീല്‍ താരം ഇത് രണ്ടാം തവണയാണ് ഇന്ത്യയിലെത്തുന്നത്. വെള്ളിയാഴ്ച സുബ്രതോ കപ്പിലെ അണ്ടര്‍ 17 ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഫൈനലിന് പെലെ സാക്ഷിയാകും.