മുംബൈ: ബോളിവുഡ് താരവും ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖ് ഖാന് വാംഖഡെ സ്‌റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നീക്കി. അസോസിയേഷന്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. 

2015 മെയില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഷാരൂഖിന് ഏര്‍പ്പെടുത്തിയ അഞ്ച് വര്‍ഷത്തെ വിലക്കാണ് ഇപ്പോള്‍ നീക്കിയിരിക്കുന്നത്. വിലക്ക് മാനിച്ച് ഇതുവരെ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ താരം ശ്രമിച്ചിട്ടില്ലെന്നും ഇക്കാരണത്താലാണ് നേരത്തേ വിലക്ക് നീക്കുന്നതെന്നും എംസിഎ പറയുന്നു.

2012 ഐപിഎല്ലിലെ കൊല്‍ക്കത്തയുടെ മുംബൈ ഇന്ത്യന്‍സിന് എതിരായ മത്സരത്തിന് ശേഷം ഗ്രൗണ്ടിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഷാരൂഖിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കൊല്‍ക്കത്തയുടെ വിജയമാഘോഷിക്കാന്‍ ഗ്രൗണ്ടിലിറങ്ങാനൊരുങ്ങിയ താരത്തെ അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇതേതുടര്‍ന്ന് ഷാരൂഖ് ഇവരോട് തട്ടിക്കയറുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതാണ് വിലക്കിന് കാരണമായത്.