മാറഡോണ. Photo: Getty Images
ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ അവസാന സമയത്ത് ചികിത്സാ സംഘത്തില്‍ നിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ മാറഡോണ ജീവിച്ചിരിക്കുമായിരുന്നെന്നും ഫുട്‌ബോള്‍ ഇതിഹാസം 12 മണിക്കൂറിലധികം വേദന അനുഭവിച്ചുവെന്നും പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
അനുചിതമായും അശ്രദ്ധയോടെയുമാണ് ചികിത്സാസംഘം പ്രവര്‍ത്തിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇരുപതില്‍ അധികം ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് രണ്ടു മാസത്തോളം പ്രവര്‍ത്തിച്ചാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ അര്‍ജന്റീന നീതിന്യായ മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചിലാണ് ബോര്‍ഡിനെ നിയോഗിച്ചത്.
താരത്തിന്റെ മരണത്തെ തുടര്‍ന്ന് കുടുംബഡോക്ടര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ ആരോപണമുയര്‍ന്നിരുന്നു. മാറഡോണയുടെ കുടുംബഡോക്ടറും ന്യൂറോ സര്‍ജനുമായ ലിയോപോള്‍ഡോ ല്യൂക്ക്, മനോരോഗ വിദഗ്ധന്‍ അഗുസ്റ്റിനോ കോസാചോവ്, മനഃശാസ്ത്രജ്ഞന്‍ കാര്‍ലോസ് ഡയസ്, നഴ്സിങ് കോ-ഓര്‍ഡിനേറ്റര്‍, മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം നടന്നത്. ല്യൂക്കിന്റെ സമ്പത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മാറഡോണയുടെ മക്കള്‍ ആവശ്യപ്പെട്ടിരുന്നു.
രോഗിയുടെ ജീവന്‍ അപകടപ്പെടുത്തുന്നതിന്റെ ലക്ഷണങ്ങള്‍ അവഗണിക്കപ്പെട്ടു എന്നും മാറഡോണ കുറഞ്ഞത് 12 മണിക്കൂറെങ്കിലും നീണ്ടുനില്‍ക്കുന്ന വേദനയുടെ വ്യക്തമായ അടയാളങ്ങള്‍ കാണിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മയക്കുമരുന്നും മദ്യവും അമിതമായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മാറഡോണയ്ക്ക് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. 2000-ത്തിലും 2004-ലും അദ്ദേഹം മരണത്തോട് അടുത്തിരുന്നു.
അതേസമയം റിപ്പോര്‍ട്ടിന്റെ മെഡിക്കല്‍ ഫോറന്‍സിക് റദ്ദാക്കാന്‍ ശ്രമിക്കുമെന്ന് ലൂക്കിന്റെ അഭിഭാഷകനായ ജൂലിയോ റിവാസ് പറഞ്ഞു. പക്ഷപാതപരമായ റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിട്ടുള്ളതെന്നും അതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും ജൂലിയോ റിവാസ് വ്യക്തമാക്കുന്നു.
Content Highlights: Argentine Doctors Find Irregularities In Diego Maradonas Death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..