ബ്യൂണസ് ഐറിസ്: ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ചികിത്സാ സംഘത്തിലുണ്ടായിരുന്ന സൈക്യാട്രിസ്റ്റിന്റെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തി.

അര്‍ജന്റീന താരത്തിന്റെ അവസാനനാളുകളില്‍ ചികിത്സപ്പിഴവുകളുണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്. അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശപ്രകാരം മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന അഗസ്റ്റിന കോസാചോവിന്റെ വീട്ടിലും ഓഫീസിലുമാണ് പരിശോധന നടന്നത്.

തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം മാറഡോണയുടെ ചികിത്സയ്ക്കായുണ്ടായിരുന്ന മെഡിക്കല്‍ സംഘത്തിലെ അംഗമാണ് അഗസ്റ്റിന. നേരത്തേ താരത്തിന്റെ കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ല്യൂക്കിന്റെ വീട്ടിലും ഓഫീസിലും പോലീസ് പരിശോധന നടത്തിയിരുന്നു. മാറഡോണയുടെ അവസാന നാളുകളില്‍ ചികിത്സപ്പിഴവുകളുണ്ടായെന്ന ആരോപണവുമായി മക്കളും കുടുംബവക്കീലും രംഗത്തുവന്നിരുന്നു. മാറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്നായിരുന്നു ആരോപണം.

നബംബര്‍ 25-ന് ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് മാറഡോണ അന്തരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അടുത്തിടെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നീട് നവംബര്‍ 11-ന് അദ്ദേഹം ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വന്നു. പിന്നീട് മദ്യപാന ശീലത്തില്‍നിന്ന് മുക്തനാക്കാനുള്ള ചികിത്സയായിരുന്നു നല്‍കിവന്നിരുന്നത്.

Content Highlights: Argentine authorities raid the home and office of Diego Maradona s psychiatrist