രാജ്‌കോട്ട്: ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ മൂന്നാം ഏകദിനം തടസ്സപ്പെടുത്താനെത്തിയ ഹാര്‍ദിക് പട്ടേലിനെ സ്‌റ്റേഡിയത്തിന് പുറത്തുവെച്ച് തന്നെ പോലീസ് തടഞ്ഞു. പ്രതിഷേധവുമായെത്തിയ ഹാര്‍ദികിനെ മത്സരം നടക്കുന്ന സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിന് അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചുതന്നെ പോലീസ് തടയുകയായിരുന്നു.

പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് സമരം നടത്തുന്ന പട്ടീധാര്‍ അനാമത് ആന്ദോളന്‍ നേതാവാണ് ഹാര്‍ദിക് പട്ടേല്‍. സമരത്തിന്റെ ഭാഗമായി രാജ്‌കോട്ട് ഏകദിനം തടസ്സപ്പെടുത്തുമെന്ന് ഹാര്‍ദിക് പ്രഖ്യാപിച്ചിരുന്നു. 

താനും തന്റെ അനുയായികളും മത്സരത്തിന്റെ ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും സ്റ്റേഡിയത്തിലേക്ക് തങ്ങള്‍ പോകുമെന്നും അവിടെ അനുയായികളുമായി ചേര്‍ന്ന് പ്രതിഷേധിക്കുമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞിരുന്നു.

പട്ടീധാര്‍ അനാമത് ആന്ദോളന്റെ സമരാഹ്വാനത്തെ തുടര്‍ന്ന് സ്‌റ്റേഡിയത്തിലും പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മുന്‍കരുതലായി രാജ്‌കോട്ട് ജില്ലയില്‍ ശനിയാഴ്ച രാത്രി 10 മണിമുതല്‍ തിങ്കളാഴ്ച രാവിലെ എട്ട് മണിവരെയാണ് മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കൃത്യസമയത്തു തന്നെ ആരംഭിച്ചു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യുകയാണിപ്പാള്‍.

ചിത്രം: എന്‍ഡിടിവി.