കോഴിക്കോട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ജി.വി. രാജ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍. പ്രത്യേക പുരസ്‌കാരം നല്‍കി തന്നെ അപമാനിച്ചെന്നും ഈ പുരസ്‌കാരം നിരസിക്കുന്നുവെന്നും അപര്‍ണ ബാലന്‍ വ്യക്തമാക്കി. തന്നെ ഒഴിവാക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയതായി സംശയമുണ്ടെന്നും പുരസ്‌കാര തീരുമാനം പുന:പരിശോധിക്കണമെന്നും ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പറയുന്നു. മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും പരാതി നല്‍കുമെന്നും അപര്‍ണ വ്യക്തമാക്കി. 

'അന്താരാഷ്ട്ര മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും നേടിയ മെഡലുകളുടെ അടിസ്ഥാനത്തില്‍ പോയിന്റ് കണക്കുകൂട്ടിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കേണ്ടത്. അങ്ങനെയെങ്കില്‍ എനിക്കാണ് കൂടുതല്‍ പോയിന്റുള്ളത്. പക്ഷേ എന്നിട്ടും പ്രത്യേക പുരസ്‌കാരം മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. അത് എന്നെ അപമാനിക്കുന്നതിന് തുല്ല്യമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എന്നെക്കൂടാതെ വി ദിജു, സനേവ് തോമസ്, രൂപേഷ് കുമാര്‍ എന്നിവരാണ് മെഡല്‍ നേടിയിട്ടുള്ളത്. ഇവര്‍ക്കെല്ലാം ജി.വി രാജ പുരസ്‌കാരം നേരത്തെ ലഭിച്ചതാണ്. പക്ഷേ എന്നെ മാത്രം തഴയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. 20 വര്‍ഷമായി കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിക്കുന്നവളാണ് ഞാന്‍. ഇതുവരെ ഒരു അവാര്‍ഡ് പോലും എനിക്ക് ലഭിച്ചിട്ടില്ല', അപര്‍ണ ബാലന്‍ ചൂണ്ടിക്കാട്ടുന്നു. 

അത്‌ലറ്റ്‌ മുഹമ്മദ് അനസിനും ബാഡ്മിന്റണ്‍ താരം പി.സി തുളസിക്കുമാണ് ഇത്തവണത്തെ ജി.വി രാജ പുരസ്‌കാരം ലഭിച്ചത്. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2018-ലെ സംസ്ഥാന കായിക അവാര്‍ഡാണിത്. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളി മെഡല്‍ നേടിയ അനസ് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലിലെത്തുകയും ചെയ്തിരുന്നു. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേത്രിയാണ് പി.സി തുളസി. 

Content Highlights: Aparna Balan GV Raja Awards Badminton