ന്യൂയോര്‍ക്ക്: ബോക്‌സിങ് ചരിത്രത്തിലെ തന്നെ അവിസ്മരണീയ വിജയങ്ങളിലൊന്ന് സ്വന്തമാക്കി അമേരിക്കന്‍ ബോക്‌സര്‍ അന്‍ഡി റൂയിസ്. 

ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ലോക ഹെവിവെയ്റ്റ് ജേതാവ് ആന്റണി ജോഷ്വയെ അട്ടിമറിച്ചാണ് റൂയിസ് ചരിത്രത്തില്‍ ഇടംപിടിച്ചത്. 

ലണ്ടന്‍ ഒളിമ്പിക്സില്‍ (2012) സ്വര്‍ണ മെഡല്‍ നേടിയശേഷം പ്രൊഫഷണല്‍ ബോക്സിങ്ങിലേക്ക് തിരിഞ്ഞ ജോഷ്വയുടെ പ്രൊഫഷണല്‍ കരിയറിലെ ആദ്യ പരാജയമാണിത്. ലോക ബോക്സിങ് ഓര്‍ഗനൈസേഷന്റെയും ലോക ബോക്സിങ് അസോസിയേഷന്റെയും ഹെവിവെയ്റ്റ് കിരീടങ്ങള്‍ക്കുടമയാണ് ഈ ബ്രിട്ടീഷുകാരന്‍. 

മികച്ച ഒരു ബോക്‌സറോടാണ് പരാജയപ്പെട്ടതെന്നും ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണെന്നും തോല്‍വിക്കു ശേഷം ജോഷ്വ പ്രതികരിച്ചു. ഏഴു റൗണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ജോഷ്വയുടെ തോല്‍വി.

Content Highlights: Anthony Joshua sensationally beaten by Andy Ruiz