ഓസ്ലോ: ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്കിന് ചരിത്രനേട്ടം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് അന്‍ഷു മാലിക്ക് ചരിത്രനേട്ടം സ്വന്തമാക്കിയത്.
 
ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടുന്നത്. കലാശപ്പോരാട്ടത്തില്‍ കാലിടറിയെങ്കിലും വെള്ളി നേടിക്കൊണ്ട് അന്‍ഷു മാലിക്ക് ഇന്ത്യയ്ക്ക്‌ അഭിമാനമായി മാറി.
 
ഫൈനലില്‍ 2016 ഒളിമ്പിക് ചാമ്പ്യനായ അമേരിക്കയുടെ ഹെലെന്‍ മറൗലിസാണ് അന്‍ഷു മാലിക്കിനെ കീഴടക്കിയത്. 4-1 എന്ന സ്‌കോറിനാണ് താരത്തിന്റെ വിജയം. ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡ് അന്‍ഷു മാലിക്ക് കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.
 
അന്‍ഷുവിന്റെ പ്രകടനത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടായി. നേരത്തേ 59 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സരിതാ മോര്‍ വെങ്കലം നേടിയിരുന്നു. 
 
Content Highlights: Anshu Malik scripts history, becomes 1st Indian woman to win silver at World Wrestling Championship