ബെംഗളൂരു: ഒരിന്നിങ്‌സില്‍ പത്തില്‍ പത്ത് വിക്കറ്റും നേടി ചരിത്രത്തിന്റെ ഭാഗമായ ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലിന് അഭിനന്ദനവുമായി ഇന്ത്യയുടെ ഇതിഹാസ താരം അനില്‍ കുംബ്ലെ. 10 വിക്കറ്റ് നേടിയവരുടെ എലൈറ്റ് ക്ലബ്ബിലേക്ക് കുംബ്ലെ അജാസിനെ സ്വാഗതം ചെയ്തു.

'ക്ലബ്ബിലേക്ക് സ്വാഗതം അജാസ്. നന്നായി ബൗള്‍ ചെയ്തു. ടെസ്റ്റ് മത്സരത്തിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ തന്നെ ഇങ്ങനെയൊരു നേട്ടത്തിലെത്തിയത് പ്രത്യേക കഴിവു തന്നെയാണ്.'  കുംബ്ലെ ട്വീറ്റ് ചെയ്തു. 

1999-ല്‍ ഡല്‍ഹിയില്‍ നടന്ന പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിലാണ് കുംബ്ലെ പത്തു വിക്കറ്റും നേടിയത്. ഇംഗ്ലീഷ് സ്പിന്നര്‍ ജിം ലേക്കറാണ് ആദ്യം ഈ നേട്ടത്തിലെത്തിയത്. 1956-ല്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ആഷസ് ടെസ്റ്റിലായിരുന്നു ലേക്കറുടെ പത്തു വിക്കറ്റു പ്രകടനം. ആ മത്സരത്തില്‍ ആകെ 19 വിക്കറ്റാണ് ഇംഗ്ലീഷ് താരം വീഴ്ത്തിയത്. 

ഇന്ത്യക്കെതിരായ ടെസ്റ്റിന്റെ ആദ്യ ദിനം നാലു വിക്കറ്റു വീഴ്ത്തിയ അജാസ് രണ്ടാം ദിനം ശേഷിക്കുന്ന ആറു വിക്കറ്റു കൂടി പിഴുതെടുക്കുകയായിരുന്നു. ഇന്ത്യന്‍ വംശജനായ അജാസ് ജനിച്ചത് മുംബൈയിലാണ്. 

Content Highlights: Anil Kumble Reacts As Ajaz Patel Joins Perfect 10 Club