കൊളംബോ: മുന്‍ ശ്രീലങ്കന്‍ താരവും ഇതിഹാസ സ്പിന്നറുമായ മുത്തയ്യ മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് ലങ്കന്‍ താരങ്ങളായ ദിമുത് കരുണരത്‌നയും എയ്ഞ്ചലോ മാത്യൂസും. ശ്രീലങ്കന്‍ ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയ പ്രതിഫല വിഷയത്തില്‍ ക്രിക്കറ്റ് ബോര്‍ഡിനൊപ്പം നിന്ന് മുരളീധരന്‍ താരങ്ങളെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനെതിരേ താരങ്ങള്‍ രംഗത്തെത്തിയത്. 

വളരെ കുറച്ചു പണത്തിനുവേണ്ടി നാല് മുതിര്‍ന്ന ലങ്കന്‍ താരങ്ങള്‍ മറ്റു 37 കായിക താരങ്ങളുടെ കരിയര്‍ അപകടത്തിലാക്കുന്നു എന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളീധരന്‍ ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. എന്ത് അറിഞ്ഞിട്ടാണ് ഇത്തരമൊരു വിമര്‍ശനമുന്നയിച്ചതെന്ന് മാത്യൂസും കരുണരത്‌നയും മുരളീധരനോട് ചോദിച്ചു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലും അനാവശ്യമായ വിദ്വേഷത്തിന്റെ പശ്ചാത്തലത്തിലുമാണ് മുരളീധരന്റെ വിമര്‍ശനമെന്നും ഇരുവരും കത്തില്‍ ആരോപിക്കുന്നു. 

പ്രതിഫല വിഷയത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക കരാറില്‍ ഒപ്പിടാന്‍ താരങ്ങള്‍ വിസമ്മതിച്ച് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് താത്കാലിക കരാറുകളുടെ അടിസ്ഥാനത്തിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യക്കെതിരേയും കളിക്കാന്‍ തയ്യാറായത്. മാത്യൂസിനേയും കരുണരത്‌നയേയും കരാറില്‍ നിന്ന് ബോര്‍ഡ് ഒഴിവാക്കുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ മാത്യൂസ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു.

Content Highlights: Angelo Mathews, Dimuth Karunaratne respond to Muralitharan’s allegations