കൊളംബോ: ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ ഏയ്ഞ്ചലോ മാത്യൂസ് ടെസ്റ്റ് മത്സരങ്ങളില്‍ ഇനി ബൗള്‍ ചെയ്യില്ല. തുടര്‍ച്ചയായി പരിക്കുപറ്റുന്നതും ദീര്‍ഘ ഇന്നിങ്‌സുകളില്‍ ബൗള്‍ ചെയ്യുമ്പോള്‍ ശരീരത്തിന് നേരിടുന്ന പ്രശ്‌നങ്ങളും കാരണമാണ് മാത്യൂസ് ഈ തീരുമാനമെടുത്തത്. 

' ഇനി ടെസ്റ്റ് മത്സരങ്ങളില്‍ ബൗള്‍ ചെയ്യില്ല, പകരം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. എന്നാല്‍ ഏകദിന ട്വന്റി 20 മത്സരങ്ങളില്‍ ബൗളിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കും. മൂന്നു ഫോര്‍മാറ്റുകളിലും നിലവിലെ സാഹചര്യത്തില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കാത്തതുമൂലമാണ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ' 33 കാരനായ മാത്യൂസ് വ്യക്തമാക്കി.

2008-ല്‍ ശ്രീലങ്കയ്ക്കായി അരങ്ങേറ്റം കുറിച്ച മാത്യൂസ് ടീമിന്റെ നായകനായി ദീര്‍ഘകാലം കളിച്ചു. 25-ാം വയസ്സില്‍ തന്നെ അദ്ദേഹം ടെസ്റ്റ് ടീമിന്റെ നായകനായി റെക്കോഡ് നേടിയിരുന്നു. എന്നാല്‍ 2018 ന് ശേഷം മാത്യൂസ് ടെസ്റ്റ് മത്സരങ്ങളില്‍ ബൗള്‍ ചെയ്തിട്ടില്ല. 

കഴിഞ്ഞ കുറച്ചുമത്സരങ്ങളിലായി താരത്തിന് ടീമില്‍ ഇടം നേടാനായിട്ടില്ല. പരിക്കുമൂലം അദ്ദേഹം മാസങ്ങളായി ചികിത്സയിലാണ്. വരുന്ന ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് വേണ്ടി കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മാത്യൂസ്. 

Content Highlights: Angelo Mathews accepts Test bowling days are over