ബെല്‍ഗ്രേഡ്: പ്രമുഖ വ്യവസായിയും കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ടീമിന്റെ ഉടമകളില്‍ ഒരാളുമായ നിമ്മഗഡ പ്രസാദ് സെര്‍ബിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. വാന്‍പിക് പ്രോജക്റ്റുമായി ബന്ധപ്പെട്ട അനധികൃത സാമ്പത്തിക നിക്ഷേപത്തിന്റെ പേരിലാണ് പ്രസാദിനെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ വെച്ചാണ് പ്രസാദ് അറസ്റ്റിലായത്. സെര്‍ബിയയില്‍ അവധി ആഘോഷിക്കുന്നതിനിടെയാണ് അറസ്റ്റ്. വാന്‍പിക് പദ്ധതിയുടെ തട്ടിപ്പിനെക്കുറിച്ച് യു.എ.ഇയിലെ റാസല്‍ഖൈമ എമിറേറ്റ്‌സ് അധികൃതരുടെ പരാതിയിലാണ് ഇദ്ദേഹത്തെ സെര്‍ബിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടു ദിവസമായി അദ്ദേഹം പോലീസ് കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

റാസല്‍ഖൈമയുമായി ചേര്‍ന്ന് വോഡരേവ് - നിസാം പട്ടണം തുറമുഖ വ്യവസായ ഇടനാഴി പദ്ധതി (വാന്‍പിക്) നിമ്മഗഡ പ്രസാദ് ഏറ്റെടുത്തിരുന്നു. ഈ ഇടപാടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയിലാണ് അറസ്റ്റ്. പദ്ധതിക്കായി 24,000 ഏക്കറോളം ഭൂമി അന്നത്തെ സര്‍ക്കാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന പരാതി ഉയര്‍ന്നതോടെയാണ് വിഷയം വഷളായത്.

വാന്‍പിക് അഴിമതിയുമായി ബന്ധപ്പെട്ട് വൈ.എസ് രാജശേഖര റെഡ്ഡി സര്‍ക്കാരിന്റെ കാലത്ത് ജഗന്മോഹന്‍ റെഡ്ഡിക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.

 

കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകളില്‍ ഒരാളായ നിമ്മഗഡ പ്രസാദ് ബെംഗളൂരു ബ്ലാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ ടീമിന്റേയും ഉടമസ്ഥനാണ്. പ്രൊ കബഡി ലീഗില്‍ തമിഴ് തലൈവാസിലും നിമ്മഗഡ പ്രസാദിന് പങ്കാളിത്തമുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് നിലവില്‍ നാല് ഉടമകളാണുള്ളത്. നിമ്മഗഡ പ്രസാദിനെ കൂടാതെ തെലുഗു ചലച്ചിത്ര താരങ്ങളായ ചിരഞ്ജീവി, അക്കിനേനി നാഗാര്‍ജുന, അല്ലു അരവിന്ദ് എന്നിവരാണ് മറ്റ് ഉടമകള്‍.

Content Highlights: Andhra Pradesh businessman Nimmagadda Prasad arrested in Serbia