ലണ്ടന്‍: ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ കൊറോണവൈറസ് പടരാനുള്ള ഒരു കാരണം ചാമ്പ്യന്‍സ് ലീഗ് മത്സരമോ? മാര്‍ച്ച് 11-നാണ് ലിവര്‍പൂളും സ്പാനിഷ് ക്ലബ്ബ് അത്​ലറ്റിക്കോ മഡ്രിഡും തമ്മിലുള്ള മത്സരം നടന്നത്. 52,000 ത്തോളം കാണികള്‍ മത്സരത്തിനെത്തി. ഇത് ലിവര്‍പൂളിലെ സ്ഥിതി മോശമാക്കിയിരിക്കാന്‍ ഇടയുണ്ടെന്ന് ബ്രിട്ടന്റെ ശാസ്‌ത്രോപദേഷ്ടാവ് ആംഗേല മക്ലീന്‍ അഭിപ്രായപ്പെട്ടു.

മൂവായിരത്തോളം അത്​ലറ്റിക്കോ ആരാധകരും മഡ്രിഡില്‍നിന്ന് മത്സരം കാണാന്‍ എത്തിയിരുന്നു. സ്‌പെയിനില്‍ അപ്പോള്‍ വൈറസ് പടര്‍ന്നുപിടിച്ചിരുന്നു.

സ്‌കൂളുകള്‍ അടയ്ക്കുകയും ആളുകള്‍ ഒത്തുകൂടുന്നത് നിരോധിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലും അവിടെനിന്ന് ഇത്രയും ആരാധകരെ ലിവര്‍പൂളിലേക്ക് യാത്രചെയ്യാന്‍ അനുവദിച്ചത് ഗുരുതരമായ തെറ്റാണെന്നാണ് വിലയിരുത്തല്‍. അമേരിക്ക കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുംകൂടുതല്‍ വൈറസ് വാഹകരുള്ളത് സ്‌പെയിനിലാണ്.

ബ്രിട്ടനില്‍ ഒന്നേകാല്‍ലക്ഷം പേരെയാണ് വൈറസ് ബാധിച്ചത്. പതിനേഴായിരത്തോളം പേര്‍ മരിച്ചു.

Content Highlights: an interesting hypothesis about Liverpool v Atletico Madrid ucl match Coronavirus link