ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ അമിത് ഭണ്ഡാരിയെ ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹി അണ്ടര്‍ 23 ക്രിക്കറ്റ് ടീം അംഗം അനൂജ് ദേധയ്ക്ക് ആജീവനാന്ത വിലക്ക്. ഡല്‍ഹ് ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനാണ് (ഡി.ഡി.സി.എ) താരത്തിന് വിലക്കേര്‍പ്പെടുത്തിത്. 

ബുധനാഴ്ച ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശര്‍മയാണ് അനൂജ് ദേധയെ വിലക്കിയതായി പ്രഖ്യാപിച്ചത്. നിയമനടപടികള്‍ക്കൊപ്പം തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളില്‍ നിന്നും താരത്തെ വിലക്കുന്നതായി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ രജത് ശര്‍മ അറിയിച്ചു.

ടീമിലേക്ക് തിരഞ്ഞെടുക്കാത്തതിന്റെ പേരിലാണ് അനൂജ് ദേധയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ഡി.ഡി.സി.എ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ അമിത് ഭണ്ഡാരിയെ ആക്രമിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. 

ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജ് മൈതാനത്ത് ട്രയല്‍സിനു മേല്‍നോട്ടം വഹിക്കുമ്പോഴാണ് മര്‍ദ്ദനമേറ്റത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടിയുള്ള ഡല്‍ഹി ടീമിന്റെ സെലക്ഷനായിരുന്നു ഗ്രൗണ്ടില്‍ നടന്നിരുന്നത്. 2000-04 കാലഘട്ടത്തില്‍ ഇന്ത്യയ്ക്കായി രണ്ട് ഏകദിനങ്ങള്‍ കളിച്ച താരമാണ് അദ്ദേഹം.

ഹോക്കി സ്റ്റിക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കും ചെവിക്കും പരുക്കേറ്റ ഭണ്ഡാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ട്രയല്‍സ് നടക്കുമ്പോള്‍ ആദ്യം ഒരു കൂട്ടം ആളുകള്‍ എത്തി അമിത് ഭണ്ഡാരിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് മറ്റൊരു സംഘം ഇരുമ്പ് ദണ്ഡ്, ഹോക്കി സ്റ്റിക്ക്, സൈക്കിള്‍ ചെയിന്‍ എന്നിവയുമായി എത്തി ആക്രമിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഡല്‍ഹി അണ്ടര്‍ 23 ടീം മാനേജര്‍ ശങ്കര്‍ സെയ്നി പറഞ്ഞു. അക്രമിസംഘം മറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി സെയ്നി പറഞ്ഞു. അക്രമം നടക്കുമ്പോള്‍ ഡല്‍ഹി സീനിയര്‍ ടീമിന്റെ പരിശീലകന്‍ മിഥുന്‍ മന്‍ഹാസും ഗ്രൗണ്ടില്‍ ഉണ്ടായിരുന്നു.

ആക്രമണത്തിനു നേതൃത്വം നല്‍കിയ അനൂജിനെയും ഗുണ്ടാസംഘത്തിലെ ഒരാളെയും പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Content Highlights: amit bhandari attack life ban slapped on delhi under 23 cricketer