ലണ്ടന്‍: മുന്‍ കാമുകി ഓള്‍ഗ ഷാരിപോവയുടെ ഗാര്‍ഹിക പീഡന ആരോപണങ്ങളില്‍ ജര്‍മന്‍ ടെന്നീസ് താരം അലക്‌സാണ്ടര്‍ സവരേവിനെതിരേ അന്വേഷണം ആരംഭിച്ച് അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് (എ.ടി.പി).

ഓഗസ്റ്റില്‍ ഒരു അഭിമുഖത്തിനിടെയാണ് സവരേവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി മുന്‍ ടെന്നീസ് താരം കൂടിയായ ഓള്‍ഗ വെളിപ്പെടുത്തിയത്. 

എന്നാല്‍ ഓള്‍ഗയുടെ ആരോപണങ്ങള്‍ സവരേവ് നിഷേധിച്ചിരുന്നു. 

സവരേവിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും അവ പരിഹരിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും എടിപി സിഇഒ മാസ്സിമോ കാല്‍വെല്ലി പ്രസ്താവനയില്‍ വ്യക്തമാക്കി. വസ്തുകള്‍ കണ്ടെത്താനും തുടര്‍ നടപടികള്‍ നിര്‍ണയിക്കാനും ഈ അന്വേഷണം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

സവരേവ് ഈ അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും കാല്‍വെല്ലി വ്യക്തമാക്കി. 

അതേസമയം ഓള്‍ഗയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമമായ 'സ്ലേറ്റ്' തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി പ്രസ്താവന ഇറക്കിയിരുന്നു.

Content Highlights: allegations of domestic abuse against Alexander Zverev by ex-girlfriend